തൃശൂര്‍: തൃശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി ഖത്തറില്‍ നിന്നു നാട്ടിലെത്തി ഇടപഴകിയത് രണ്ടായിരത്തോളം പേരുമായി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ശേഷം രോഗിയുമായി വിശദമായ കൂടിക്കാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയപ്പോഴാണ് വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി രണ്ടായിരത്തോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമായത്.
ഉടന്‍ തന്നെ കിട്ടാവുന്ന നമ്പറുകളെല്ലാം ശേഖരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ അര്‍ധരാത്രിവരെ ഇരുന്ന് ഇവരെയെല്ലാം ബന്ധപ്പെട്ടു. പുലര്‍ച്ചെ മുതല്‍ വീണ്ടും ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. വൈകിട്ടോടെ രോഗിയുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരും തന്നെ ആശുപത്രികളിലേക്കോ ആരോഗ്യവകുപ്പ് ഓഫീസിലേക്കോ വരേണ്ടതില്ലെന്നും ഫോണ്‍ വഴി മാത്രം ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ മതിയെന്നും എല്ലാ സേവനങ്ങളും വീട്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗി നാട്ടിലെത്തി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കും. റൂട്ട് മാപ്പ് തയാറാക്കുന്ന ജോലികള്‍ വ്യാഴാഴ്ച തന്നെ ആരംഭിച്ചിരുന്നു.രോഗി സുഖം പ്രാപിക്കുന്നു. രോഗം സ്ഥിരീകരിച്ച തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍. സംശയലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ആവശ്യമായ ചികിത്സകള്‍ നല്‍കിവരുന്നുണ്ട്.