തിരുവനന്തപുരം: കോവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനങ്ങള്‍ ജാഗ്രതയായിരിക്കുന്നതിന് ബോധവത്ക്കരണം ശക്തമാക്കും. നിരവധി ലോക രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ മൂന്ന് ഷിഫ്ടായി പരിശോധന ശക്തിപ്പെടുത്തും. നേരിട്ട് ബന്ധമുള്ളവരെ കൂടുതല്‍ നിരീക്ഷണത്തില്‍ വയ്ക്കുന്നതാണ്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ അതുപോലെ തന്നെ നിലനിര്‍ത്തും. ജീവനക്കാരേയും സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് 19 രോഗം ഒന്നാം ഘട്ടത്തില്‍ നന്നായി ഇടപെടാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. മരണം ഉണ്ടാകാതെ കൂടുതല്‍ ആളുകളിലേക്ക് പകരാതെ നോക്കാനും സാധിച്ചു. പോസീറ്റീവായവരുടെ വീട്ടിലെ 14 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തിലുമാണ് ജാഗ്രത ശക്തമാക്കുന്നത്. നിരീക്ഷണം ശക്തമായി തുടരണമെന്നാണ് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അതില്‍ കൊറോണ നിയന്ത്രണത്തില്‍ കേരളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ പല സംസ്ഥാനങ്ങള്‍ മുന്നോട്ട് വരികയും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ആറ്റുകള്‍ പൊങ്കാല മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ല. ഹൈ റിസ്‌കില്‍ വരുന്ന ആള്‍ക്കാരെ മാത്രമേ മാറ്റിനിര്‍ത്തേണ്ടതുള്ളൂ.
ആരും മരണപ്പെടാതിരുന്നത് ജനങ്ങളുടെ നല്ല സഹകരണം ഉള്ളതുകൊണ്ടാണ്. ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞെങ്കിലും സമൂഹത്തിന് വേണ്ടി അവര്‍ സഹകരിച്ചിരുന്നു. അതാണ് നമുക്ക് വിജയമായത്. ഈ സഹകരണം തുടരണം. കൊറോണ ബാധിത പ്രദേശത്ത് നിന്ന് വന്നവര്‍ സ്വമേധയാ മുന്നോട്ട് വരണം. എല്ലാവരും സഹകരിച്ചാല്‍ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നമാകാതെ നമുക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ സാധിക്കും. 28 ദിവസത്തെ നിരീക്ഷണത്തിന് സ്വയം സന്നദ്ധരാകണം. അവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒരിക്കല്‍ കൂടി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
65 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 12 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് 130 പേരെപുതുതായി നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. സംശയാസ്പദമായവരുടെ 520 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇതുവരെ 4379 പേരെ നിരീക്ഷണത്തിലാക്കി. അതില്‍ 3968 പേരേയും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. രാജു, ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.