FeaturedKeralaNews

അതിതീവ്ര കൊവിഡ് വൈറസ്, സംസ്ഥാനത്ത് അതീവ ജാഗ്രത,പരിശോധന കർശനമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: യുകെയില്‍ നിന്ന് വന്നവരിലാണ് അതിതീവ്ര കൊവിഡ് വൈറസ് ഇപ്പോൾ കണ്ടെത്തിയതെങ്കിലും രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സമൂഹത്തില്‍ പുതിയ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാൻ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്. അതേസമയം അതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് ഒരുപാടുപേരിലേക്കെത്തിയാൽ പ്രതിരോധമാകെ പാളുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പിന്.

ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് വയസുകാരിയില്‍ ഉൾപ്പെടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ മാസം ഒമ്പതാം തീയതി മുതൽ കേരളത്തിലെത്തിയ 1600പേരെ പിസിആര്‍ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

ഇപ്പോൾ രോഗം സ്ഥിരീകരിച്ച ആറുപേരുടെയും സമ്പർക്ക പട്ടിക ചെറുതാണെങ്കിലും വൈറല്‍ ലോഡും വ്യാപനശേഷിയും കൂടുതലുള്ള വൈറസ് പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. കുട്ടികളിലും 60 വയസിനു മുകളിലുള്ളവരിലും രോഗം പടര്‍ന്നേക്കുമെന്നതിനാല്‍ റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്താൻ നിര്‍ദേശം നൽകി. വിദേശത്തുനിന്നെത്തിയവരില്‍ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പുനൈ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.

പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്ക്, സാമൂഹികഅകലം, കൈകള്‍ ശുചിയാക്കൽ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker