തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ത്തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞതായും പക്ഷെ അധികൃതര്‍ അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വെള്ളനാട് സ്വദേശിയുടെ വെളിപ്പെടുത്തല്‍.
ഇറ്റലിയില്‍ തെറാപ്പിസ്റ്റായിരുന്നു ഞാന്‍. 11-നു രാത്രി രണ്ടിനാണ് വീട്ടിലെത്തിയത്. പിന്നീട് അധികൃതരെ അറിയിച്ച് പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. തൊണ്ടയില്‍നിന്നു സ്രവം എടുത്തുകഴിഞ്ഞപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഐസാലേഷനില്‍ പാര്‍പ്പിക്കാന്‍ പറഞ്ഞതാണ്. പക്ഷേ, പനിയില്ലെന്നു പറഞ്ഞ് വീട്ടിലേക്കു വിട്ടു. ഫലം ലഭിക്കാന്‍ മൂന്നുദിവസം കഴിയുമെന്നും പോയിട്ടു വരാനുമായിരുന്നു നിര്‍ദേശം. ആംബുലന്‍സൊന്നും കിട്ടിയില്ല. ഓട്ടോറിക്ഷയിലാണു വീട്ടിലേക്കു പോയത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടപ്പോള്‍ ‘ദിശ’യില്‍ വിളിച്ച് അറിയിച്ചു. ഉച്ചയോടെ എത്തിച്ച ആംബുലന്‍സില്‍ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തുകയായിരിന്നു- കോവിഡ് ബാധിതന്‍ പറയുന്നു.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഈ രോഗി. ഇദ്ദേഹത്തിനു പിന്നാലെ, ഇറ്റലിയില്‍നിന്നു ജര്‍മനി വഴി ഇന്നു രാവിലെ നാട്ടിലെത്തിയ ജ്യേഷ്ഠനെ (വല്യച്ഛന്റെ മകന്‍) വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഐസൊലേഷന്‍ വിഭാഗത്തിലെത്തിച്ചു.