വാഷിംഗ്ടണ്‍: ചൈനയേയും ഇറ്റലിയേയും മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള രാജ്യമായി അമേരിക്ക. 85,377 കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 81,340 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1,295 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇതുവരെ 466 പേരാണ് മരിച്ചത്. വാഷിംഗ്ടണില്‍ 147 പേരും മരിച്ചു. ഇറ്റലിയിലേയും സ്ഥിതി ഗുരുതരമാണ്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8,215 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ 712 പേരാണ് മരിച്ചത്. ലോകത്തിലെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇറ്റലിയിലാണ് സംഭവിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 80,589 രോഗികളാണ് ചികിത്സയിലുള്ളത്.
ലോകത്ത് ആകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24,071 ആയി. കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുകയും ചെയ്തു. 531,799 പേരാണ് ലോകത്ത് ആകെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ഇതുവരെ 16 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് 633 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 47 പേര്‍ വിദേശികളാണ്. ഏറ്റവും കുടൂതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇവിടെ 130 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ 126 പേര്‍ക്കാണ് രോഗം ബാധിച്ചത്.