കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ തകര്‍ന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങള്‍ നീക്കും. വെല്ലിംഗ്ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരും. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും ഒമ്പത് മണിയോടെ പരിശോധനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് ആദരമൊരുക്കുകയാണ് കരസേന. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന പുറത്ത് വിട്ട ആദ്യ ഔദ്യോഗിക വിവരത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം തന്നെ ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റ് 12 പേരുടെയും വിയോഗ വാര്‍ത്ത പുറത്ത് വന്നു.