കോട്ടയം: ഡിസിസിയിലെ ഫെയ്സ്ബുക്ക് വിവാദം അവസാനിച്ചുവെന്നും ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് വ്യക്തമാക്കി.2017 ൽ ആരോ ഉണ്ടാക്കിയ ഒരു എഫ് ബി പേജാണത്.ഡി സി സി ക്ക് ഔദ്യോഗിക പേജില്ല.വിവാദ പോസ്റ്റ് വന്നത് വ്യാജ അക്കൗണ്ടിൽ.ഈ പേജിനെതിരെ പൊലീസിൽ പരാതി നൽകും.
താന്‍ പറയുന്ന കാര്യങ്ങളല്ല വാർത്തയായി വരുന്നത്.തരൂർ വരുന്നതിനെ എതിർത്തിട്ടില്ല.സംഘടനാ കീഴ് വഴക്കങ്ങൾ പാലിക്കണം എന്നു മാത്രമാണ് താൻ പറഞ്ഞത്.വിവാദങ്ങൾ അവസാനിച്ചു.ഇനി തർക്കങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തിയത്. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്‍റേതെന്ന് തരൂർ അനുകൂലികൾ പറയുന്നു
കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്‍റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു