കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിനോട് മലയാളത്തില്‍ സംസാരിക്കാന്‍ പറഞ്ഞ ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച ഒരു ഉപഭോക്താവും ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. പരാതി പറയാന്‍ വിളിച്ചയാളോട് ‘നമസ്‌കാരം വൈദ്യുതി കാര്യാലയം’എന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ സംഭാഷണം ആരംഭിക്കുന്നത്. എന്നാല്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ ഉപഭോക്താവിനോട് ‘സുഹൃത്തേ ഇന്ന് ചിങ്ങമാസം ഒന്നാണ്. ഭരണഭാഷ മലയാളമാണ്. മലയാളത്തില്‍ പറയൂ’ എന്ന് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ വിളിച്ചയാള്‍ മലയാളത്തില്‍ സംസാരിച്ചു തുടങ്ങി. പക്ഷെ അതുകേട്ട ഉദ്യോഗസ്ഥന്‍ അന്തംവിട്ട് പോയി.
‘അങ്ങേയ്ക്ക് എന്റെ ശതകോടി പ്രണാമം. വൈദ്യുതി കാര്യാലയം അധികാരിയോട് ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഗൃഹത്തിന്റെ ദക്ഷിണ ഭാഗത്തെ പാതയോരത്ത് വൈദ്യുതി പ്രതിഷ്ഠാപനത്തിന്റെ അഗ്രഭാഗത്ത് ഹുങ്കാര ശബ്ദവും അഗ്‌നിസ്ഫുരണവും ഉണ്ടാകുന്നു’ ഉപഭോക്താവ് പറഞ്ഞ് തീരും മുന്‍പ് തന്നെ ഉദ്യോഗസ്ഥന്റെ അടുത്ത നിര്‍ദേശമെത്തി. ‘ഒന്ന് മനസിലാകുന്ന ഭാഷയില്‍ പറയൂ’ എന്ന് അദ്ദേഹം പറഞ്ഞതോടെ വിളിച്ചയാള്‍ പച്ചമലയാളത്തില്‍ കാര്യം അവതരിപ്പിച്ചു. ‘എന്റെ വീടിന്റെ മുന്‍വശത്ത് നില്‍ക്കുന്ന പോസ്റ്റില്‍ പൊട്ടലും ചീറ്റലും കേള്‍ക്കുന്നു. അതിനകത്തു നിന്ന് തീയും വരുന്നു’. എന്തായാലും സോഷ്യല്‍ മീഡിയില്‍ ഇത് വൈറലായിരിക്കുകയാണ്. എന്നാല്‍ ഏത് കെഎസ്ഇബി ഓഫീസിലാണ് രസകരമായ ഊ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.