പാലാ: പാല ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കെ വില പേശലുമായി കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മറ്റി. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന രാമപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് രാമപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിലപാട്. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ എത്രയും വേഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് എമ്മിലെ രാമപുരം മണ്ഡലം പ്രസിഡന്റുകൂടിയായ ബൈജു, ജോസ് കെ. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെടുന്നത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ധാരണ അനുസരിച്ച് രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനം ഇരു കൂട്ടര്‍ക്കും വീതംവച്ചിരുന്നു. ഇതനുസരിച്ച് മേയ് 30ന് ബൈജു ജോണ്‍ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു.
വീണ്ടും ആഗസ്റ്റ് 30വരെ സമയം കൊടുത്തെങ്കിലും ബൈജു രാജിവയ്ക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉപ തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പിനെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി രേഖാമൂലം അറിയിച്ചത്. എന്നാല്‍, രാമപുരത്തെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ഡി.സി.സി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.