കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവയ്ക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്.
ഇതനുസരിച്ച് ഒരാള്‍ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. അതേസമയം രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ നവംബര്‍12 ലേക്ക് മാറ്റി. കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം കോണ്‍ഗ്രസിന് ചേര്‍ന്ന രീതിയല്ല. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.