ഇടഞ്ഞ് നില്‍ക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. നേതാക്കളുടെ ക്ഷണം ജോസഫ് സ്വീകരിച്ചു. എന്നാല്‍, ജോസ് വിഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശവും ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അതിന് ശേഷം മറ്റ് കാര്യങ്ങള്‍ എന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന പോരിലേക്ക് എത്തിയത്. ചര്‍ച്ചയോടെ ഒരുമിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.