ഹണിട്രാപ്പ് കേസില്‍ പിടിയിലായവരില്‍ കോണ്‍ഗ്രസ് മുന്‍ ഐ.റ്റി സെല്‍ ഭാരവാഹിയുടെ ഭാര്യയും
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹണി ട്രാപ്പ് തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കം തട്ടിപ്പിന് ഇരയായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ട കേസില്‍ പോലീസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ 13 ഉന്നത ഉദ്യോഗസ്ഥരെ സംഘം കെണിയില്‍ പെടുത്തി പണം തട്ടിയെന്ന വിവരം പ്രത്യേക അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളും ഇരയായെന്ന വിവരം പുറത്തു വരുന്നത്. എന്നാല്‍ ഇവരുടെ പേരുകള്‍ അന്വേഷണസംഘം പുറത്തിവിട്ടിട്ടില്ല. കേസില്‍ പിടിയിലായ ശ്വേതാ ജയ്ന്‍, ബര്‍ക്കാ സോണി, ആരതി ദയാല്‍ ശ്വതാ സ്വപിനില്‍, നമിസേക്ക് എന്നിവരില്‍ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടല്‍ മുറികളില്‍ നിന്നും ഒളിക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇതിലുണ്ട്.
ഇവ ഫോറന്‍സിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായ ബര്‍ക്കാ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐറ്റി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.