KeralaNewsPolitics

'സ്ഥാനാർത്ഥിയെന്ന നിലയില്‍ ഉയരാൻ മുരളീധരനായില്ല'; മൂന്നംഗ സമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി

തൃശ്ശൂർ: തൃശൂരിൽ കെ മുരളീധരൻ്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കൽ പൂർത്തിയാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച്ച സംഭവിച്ചതായി ജില്ലയിൽ നിന്നുള്ള നേതാക്കൾ മൊഴി നൽകി. കെ സി ജോസഫ് അധ്യക്ഷനായ സമിതിയിൽ ടി സിദ്ദിഖ്, ആർ ചന്ദ്രശേഖർ എന്നിവർ അംഗങ്ങളായിരുന്നു.

തൃശൂരിലെ കനത്ത തോൽവിയും തോൽവിയെ തുടർന്ന് ഉണ്ടായ കയ്യാങ്കളിയും അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിംഗാണ് പൂർത്തീകരിച്ചത്. സംസ്ഥനതലം മുതൽ പ്രദേശികതലം വരെയുള്ള വീഴ്ചകൾ പ്രവർത്തകരും നേതാക്കളും സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. അവസാന ഘട്ടത്തിലെ സ്ഥാനാർത്ഥി മാറ്റം തിരിച്ചടിയായെന്ന് നേതാക്കൾ മൊഴി നൽകി.

സ്ഥാനാർത്ഥി എന്ന നിലയിൽ ഉയരാൻ മുരളീധരനായില്ലെന്ന വിമർശനവും നേതാക്കൾ ഉയർത്തി. ബിജെപിയുടെ ചിട്ടയായ പ്രവർത്തനവും പണവും വിജയത്തിന് അടിസ്ഥാനമായെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.

താഴെ തട്ടിൽ സംഘടനാ ദൗർബല്യങ്ങൾ ശക്തമാണെന്നും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ തിരിച്ചടിയായെന്നും മൊഴി നൽകിയിട്ടുണ്ട്. ജില്ലാതലത്തിലെ ഏകോപനമില്ലായ്മ വൻതോതിൽ പ്രവർത്തനങ്ങളെ ബാധിച്ചു. പ്രാദേശികതലം മുതൽ ജില്ലാതലം വരെ പല മുതിർന്ന നേതാക്കളും തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായും പ്രവർത്തകർ മൊഴി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button