ഹൈദരാബാദ്: ആകെയുള്ള 18 പേരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. ടിആര്‍എസില്‍ ചേരാനുള്ള 12 എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചതോടെയാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായത്. ഇതോടെ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ വെറും ആറായി ചുരുങ്ങി.
ഭൂരിപക്ഷം എംഎല്‍എമാരും പാര്‍ട്ടി വിട്ടതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവുകയുമില്ല. അതേസമയം, കോണ്‍ഗ്രസിനെ ടിആര്‍എസുമായി ലയിപ്പിക്കണമെന്നു പാര്‍ട്ടിവിട്ട എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചതായും സൂചനയുണ്ട്. 119 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ നേടി ടിആര്‍എസ് അധികാരത്തിലെത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ് തെലങ്കാനയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ സമൂഹമാദ്ധ്യമ വിഭാഗത്തിന്റെ മേധാവി ദിവ്യ സ്പന്ദന അടക്കമുള്ളവരും ഉടന്‍ പാര്‍ട്ടി വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.