കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇടത് അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മേയര്‍ സുമ ബാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചില പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ചവിട്ടിയെന്നും പോലീസിനോട് പരാതിപ്പെട്ടിട്ട് അവര്‍ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതതെന്നും മേയര്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന് മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങള്‍ മേയര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്.
കോണ്‍ഗ്രസ് അംഗങ്ങള്‍ മേയറെ പ്രതിരോധിച്ച് എത്തിയതോടെ ഉന്തും തള്ളുമായി. ഇതിനിടെയാണ് ചില അംഗങ്ങള്‍ കൈയേറ്റം ചെയ്തതെന്ന് മേയര്‍ ആരോപിച്ചു. അതേസമയം ഭരണപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. മേയറെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച ഉച്ചവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.