കേരള കോണ്‍ഗ്രസ് വീണ്ടും പിളരുന്നു? അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്ത് വന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തമ്മിലടി തുടരുന്നതിനിടെ ജേക്കബ് വിഭാഗത്തിലും കല്ലുകടി. അനൂപ് ജേക്കബ്- ജോണി നെല്ലൂര്‍ തര്‍ക്കം മറനീക്കി പുറത്തു വന്നതോടെയാണ് പുതിയ പിളര്‍പ്പിന് കളമൊരുങ്ങുന്നത്. അനൂപ് ജേക്കബ് ശനിയാഴ്ച കോട്ടയത്ത് വിളിച്ച യോഗത്തിനെതിരെ ജോണി നെല്ലൂര്‍ പരസ്യമായി രംഗത്തു വന്നു. അനൂപ് ജേക്കബ് ശനിയാഴ്ച വിളിച്ചിരിക്കുന്ന യോഗം അനധികൃതമാണെന്ന് ജോണി നെല്ലൂര്‍ തുറന്നടിച്ചു. ചെയര്‍മാനെ അറിയിക്കാതെ യോഗം വിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടി പിളര്‍ത്തിയേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധിയാണ് യോഗത്തിനു പിന്നിലെന്നും ജോണി കുറ്റപ്പെടുത്തി.
അതേസമയം, യോഗം വിളിച്ചത് പാര്‍ട്ടി ചെയര്‍മാനായ ജോണി നെല്ലൂരിനെ അറിയിച്ച ശേഷമാണെന്ന് അനൂപ് ജേക്കബ് വിശദീകരിച്ചു. പാര്‍ട്ടി പിളര്‍ത്തണമെന്നോ തകര്‍ക്കണമെന്നോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂര്‍ ഈ മാസം 21ന് കോട്ടയത്ത് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം വിളിച്ചിട്ടുണ്ട്. ആ യോഗം വിളിച്ചിരിക്കുന്നത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നാണ് ജോണി പറയുന്നത്.
പാര്‍ട്ടി ഭരണഘടന പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നല്‍കിയാണ് താന്‍ യോഗം വിളിച്ചതെന്നു പറഞ്ഞ ജോണി നെല്ലൂര്‍ അനൂപ് ജേക്കബ് വിളിച്ചിരിക്കുന്നത് ഒപ്പം നില്‍ക്കുന്നവരുടെ ഗ്രൂപ്പ് യോഗം മാത്രമാണെന്നും തുറന്നടിച്ചു. ജേക്കബ് ഗ്രൂപ്പ് ജോസഫുമായി ലയിക്കണമെന്ന അഭിപ്രായത്തില്‍ നിന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ജോണി നെല്ലൂരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളാണ് വിഷയം വഷളാക്കിയതെന്നുമാണ് ജോണി വിഭാഗത്തിന്റെ വാദം.