പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. മുതവഴി, വന്മഴി, മാലക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്. വാമഴി സ്റ്റാർട്ടിങ് പോയിന്‍റിലും മറ്റ് രണ്ടെണ്ണം ഫിനിഷ് പോയിന്‍റിലുമാണ് മറിഞ്ഞത്. ജലനിരപ്പ് ഉയർന്ന പമ്പയിലെ അപകടം ആശങ്ക ഉയർത്തിയെങ്കിലും പെട്ടെന്ന് നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു. പള്ളിയോടത്തിൽനിന്ന് നദിയിലേക്ക് വീണ് കാണാതായ അരുൺ, ഉല്ലാസ്, വൈഷ്ണവ്, അനന്തു എന്നിവരെ അധികം വൈകാതെ രക്ഷപെടുത്തി കരക്കെത്തിച്ചു.
പള്ളിയോടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. അപകടത്തിൽ ഒടിയുന്ന പള്ളിയോടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ വലിയ തുക കരയ്ക്ക് വേണ്ടിവരും. തോരാതെ പെയ്ത മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.
അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും പോലീസും പള്ളിയോട സേവാസംഘം പ്രവർത്തകരും പെട്ടെന്ന് തന്നെ പള്ളിയോടങ്ങൾ മറിഞ്ഞ സ്ഥലത്തേക്ക് എത്തി. വെള്ളത്തിൽ വീണവരെ കരയിലേക്ക് എത്തിക്കുകയും മറിഞ്ഞ പള്ളിയോടങ്ങൾ വെള്ളത്തിൽനിന്ന് ഉയർത്തി തിരിക്കുകയും ചെയ്തു. ബോട്ടുകളും ഇതിൽ പങ്കെടുത്തു.
ബി ബാച്ച് പള്ളിയോടങ്ങളുടെ ആദ്യ പാദ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വാട്ടർ സ്റ്റേഡിയത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം പള്ളിയോട സേവാസംഘവും പോലീസും ഫയർ ഫോഴ്സും ഏർപ്പെടുത്തിയിട്ടുണ്ട്.
പള്ളിയോടത്തിൽ കയറുന്ന തുഴച്ചിൽകാരുടെയും പാട്ടുകാരുടെയും അടക്കം വിശദാംശങ്ങൾ ഇത്തവണ ശേഖരിക്കുകയും പുറമെ നിന്നുള്ളവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.