കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പാലാ രാമപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പരാതിയുമായി കോട്ടയം എസ്.പിയെ സമീപിച്ചത്.
റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചട്ടപ്രകാരം നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചട്ടത്തിന്റെ സി (2) വകുപ്പില്‍ മാനേജര്‍ എന്ന പദവിയുടെ നിര്‍വചനത്തില്‍പ്പെട്ട വ്യക്തിയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലെന്ന് പരാതിയില്‍ പറയുന്നു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളുടെ അധിപനും കൂടിയാണ് അദ്ദേഹം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ കുറ്റപത്രത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അധികാരവും സ്ഥാനവും ദുരുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചട്ടത്തിന് വിരുദ്ധമാണ്. കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ജലന്ധര്‍ രൂപതയുടെ ബിഷപ് സ്ഥാനത്ത് തുടരുകയാണെന്നും ജോര്‍ജ് ജോസഫ് പരായില്‍ വ്യക്തമാക്കുന്നു.