തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ മുൻ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരായ ലൈംഗിക പീഡന കേസിൽ ഇപ്പോൾ പരാതിയില്ലെന്ന് 19 കാരിയായ നിയമ വിദ്യാർത്ഥിനി തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് എല്ലാം ഒത്തുതീർപ്പായെന്നും പ്രതിക്കെതിരെ മേൽ പരാതിയില്ലെന്നും കാണിച്ച് സത്യവാങ്മൂലം ജില്ലാ ജഡ്ജി പ്രസുൻ മോഹൻ മുമ്പാകെ സമർപ്പിച്ചത്.
അതേ സമയം പീഡനക്കേസ് ഒത്തുതീർപ്പാക്കാനോ പിൻവലിക്കാനോ വകുപ്പില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹരീഷ് കുമാർ ശക്തമായി വാദിച്ചു. മുൻകൂർ ജാമ്യഹർജിയിൽ 24 ന് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിക്കും.
കെ എസ് യു നേതാവായ മുഹമ്മദ് ആഷിക്. കെ.എ. എന്ന ആഷിക് മാന്നാറിനെതിരെയാണ് പീഡന കേസ്. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പൊലീസിൽ നവംബർ 1ന് പരാതി നൽകി കേസെടുപ്പിച്ചത്. കഴിഞ്ഞ ജൂൺ മാസം പതിനാലാം തീയതി മുതൽ പല ദിവസങ്ങളിൽ തുടർച്ചയായി പീഡിപ്പിച്ചതായാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ടൊമാറ്റോ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. ബ്രോഷർ കാണിക്കാനെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബർ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയിൽ പരാമർശമുണ്ട്. . മാനഹാനി ഭയം ആണ് പരാതി നൽകാൻ വൈകിയതെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഹോസ്റ്റൽ ഗാർഡിയൻ ആണ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.തുടർന്ന് പേരൂർക്കട പൊലീസിന് പരാതി നൽകുകയായിരുന്നു.