അസമിലെ ഒരു കുഗ്രാമത്തില്‍നിന്ന് ഓസ്ട്രേലിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെത്തി സ്വര്‍ണമെഡലില്‍ മുത്തമിട്ട കായിക താരമാണ് ഹിമാ ദാസ്. തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഷൂ വാങ്ങാന്‍ പോലും കഴിയാതിരുന്ന തന്റെ ജീവിത യാത്രയെക്കുറിച്ച് ഈ ലോക ചാംപ്യന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
‘അച്ഛനും അമ്മയും കര്‍ഷകരായിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരിക്കലും ഞങ്ങളുടെ പക്കല്‍ ആവശ്യമായ പണം ഉണ്ടായിരുന്നില്ല. എന്നിരുന്നാല്‍ക്കൂടിയും എന്റെ മാതാപിതാക്കള്‍ എന്നോട് ആകാവുന്നതില്‍ ഏറ്റവും മികച്ചിതിലേക്കെത്താന്‍ പറയുമായിരുന്നു’, ഫേസ്ബുക്ക് പോസ്റ്റില്‍ ഹിമ പറയുന്നു. കോമണ്‍വെല്‍ത്ത് ഗെയിം എന്നാല്‍ എന്താണെന്നുപോലും തന്റെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നെന്ന് ഹിമ പറയുന്നു. എന്നാല്‍പ്പോലും താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ടിവിയിലൂടെ അറിഞ്ഞ നിമിഷം അവര്‍ അത്യധികം സന്തോഷിച്ചെന്നും ഹിമ കുറിക്കുന്നു.
ഷൂ ഇല്ലാതെ ഫുട്ബോള്‍ പ്രാക്ടീസ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂളിലെ പരിശീലകനാണ് ഹിമയുടെ വേഗതയെ ആദ്യം മനസിലാക്കിയതെന്നും കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകനാണ് ഹിമയോട് ജില്ലാ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. ആ മത്സരത്തില്‍ നേടിയ വിജയമാണ് ഹിമയുടെ കരിയറിലേക്ക് തുറന്നുകിട്ടിയ ആദ്യ വാതില്‍.
‘എന്റെ സാധ്യത മനസിലാക്കിയ പരിശീലകര്‍ എന്നോട് അസമില്‍ വച്ചുനടക്കുന്ന ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞു. വീട് വിട്ടുനില്‍ക്കുന്നതില്‍ ആശങ്കയുണ്ടായിരുന്ന എനിക്ക് അച്ഛനാണ് എല്ലാ ധൈര്യവും പകര്‍ന്നുതന്നത്’ ഹിമ പറയുന്നു. തുടര്‍ന്ന് ക്യാമ്പില്‍ വച്ച് ലഭിച്ച പരിശീലനത്തെക്കുറിച്ചും ഹിമ വിവരിക്കുന്നുണ്ട്. ‘അന്നുമുതല്‍ നടത്തിയ കഠിനാധ്വാനം എന്നെ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നതിലേക്ക് നയിച്ചു. അതില്‍ ഞാന്‍ ഏഴാമതും പിന്നീട് ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനക്കാരിയുമായി. ‘ ഹിമ പറയുന്നു. ‘പിന്നീട് ഏഷ്യന്‍ ഗെയിംസിലും ഐ.എ.എ.എഫ് വേള്‍ഡ് അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഞാനാണ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി’, ഹിമ കൂട്ടിച്ചേര്‍ത്തു.