ഗ്ലെന്‍ഡേല്‍ (യുഎസ്എ): ക്വാര്‍ട്ടറില്‍ പനാമയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജെയിംസ് റോഡ്രിഗസ്, 41-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ്, 70-ാം മിനിറ്റില്‍ റിച്ചാര്‍ഡ് റിയോസ്, ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ മിഗ്വെല്‍ ബോര്‍ഹ എന്നിവരാണ് കൊളംബിയക്കായി വലകുലുക്കിയത്. ഇതോടെ തോല്‍വിയറിയാതെ കൊളംബിയ 27 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
സ്‌കോര്‍ ലൈന്‍ പോലെ തന്നെ തീര്‍ത്തും ആധികാരികമായിരുന്നു കൊളംബിയയുടെ ജയം. ബ്രസീല്‍ – യുറഗ്വായ് മത്സര വിജയികളെ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയ നേരിടും.
എട്ടാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ചാണ് ജോണ്‍ കോര്‍ഡോബ ടീമിന്റെ ഗോളടി തുടങ്ങിവെച്ചത്. 10 മിനിറ്റിന് ശേഷം ജോണ്‍ അരിയാസിനെ പനാമ ഗോളി ഒര്‍ലാന്‍ഡോ മോസ്‌ക്വേര ബോക്‌സില്‍ വീഴ്ത്തിയതിന് കൊളംബിയക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചില്ല. കൊളംബിയക്കായി താരത്തിന്റെ 28-ാം ഗോള്‍കൂടിയായിരുന്നു ഇത്.
പിന്നാലെ 41-ാം മിനിറ്റില്‍ ലൂയിസ് ഡിയാസിന്റെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസായിരുന്നു. താരം നല്‍കിയ പന്ത് പിടിക്കാന്‍ മുന്നോട്ടുവന്ന ഗോളി ഒര്‍ലാന്‍ഡോ മോസ്‌ക്വേരയുടെ തലയ്ക്ക് മുകളിലൂടെ ഡിയാസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ പനാമയ്ക്ക് ഏതാനും നല്ല അവസരങ്ങള്‍ ലഭിച്ചു. ഗോളി കാമിലോ വാര്‍ഗാസിന്റെ സേവുകള്‍ കൊളംബിയയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
70-ാം മിനിറ്റില്‍ കൊളംബിയ നാലാം ഗോളും സ്വന്തമാക്കി. വലംകാലന്‍ ലോങ് റേഞ്ചറിലൂടെയായിരുന്നു റിച്ചാര്‍ഡ് റിയോസിന്റെ ഗോള്‍. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ മിഗ്വെല്‍ ബോര്‍ഹ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.