കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ സഹാപാഠിയുടെ ആക്രമണം; കണ്ടു നിന്ന കൂട്ടുകാരി ബോധംകെട്ട് വീണു
കൊല്ലം: കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സഹപാഠി മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വരുന്നത് കണ്ടാണ് സുഹൃത്ത് ബോധംകെട്ട് വീണത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം.
ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കരയിലെ കോളജില്‍ നിന്നു കൂട്ടുകാരിക്കൊപ്പം പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ വിദ്യാര്‍ഥി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മര്‍ദിച്ചയാള്‍ കടന്നു കളഞ്ഞു. പെണ്‍കുട്ടികളെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിയാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. സംഭവത്തില്‍ യുവാവിന് എതിരേ പോലീസ് കേസെടുത്തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.