തേങ്ങയിടാന്‍ ഇനി ആളെത്തേടി അലയേണ്ട; പുതിയ ആപ്പുമായി കയര്‍ബോര്‍ഡ്
ആലപ്പുഴ: തേങ്ങയിടാന്‍ ഇനി ആളെത്തേടി നടന്ന് വിഷമിക്കണ്ട. മിതമായ നിരക്കില്‍ വീട്ടിലെത്തി പറയുന്ന സമയത്ത് തേങ്ങയിടാന്‍ ആള്‍ റെഡി. വേണ്ടത് ഒരു സ്മാര്‍ട്‌ഫോണ്‍ മാത്രം. അതേ മൊബൈല്‍ ആപ്പില്‍ അറിയിച്ചാല്‍ ഇനിമുതല്‍ ആളെത്തി തേങ്ങയിടും. കയര്‍ ഡയറക്ട്രേറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ് ഒരുങ്ങുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഒരു മാസത്തിനകം ആലപ്പുഴയില്‍ തുടങ്ങുമെന്നാണ് സൂചന.
തേങ്ങ ന്യായമായ വില നല്‍കി കൊണ്ടുപോവുകയും ചെയ്യും. കയര്‍ മേഖലയില്‍ നേരിടുന്ന ചകിരി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താവിന് ന്യായവില നല്‍കി നാളികേരം സഹകരണ സംഘങ്ങള്‍ക്ക് കൈമാറും. തൊണ്ട് കയര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സംഭരിച്ച് സംഘങ്ങള്‍ക്ക് നല്‍കും. ഹരിതസേന പോലുള്ള സംഘങ്ങള്‍ രൂപീകരിച്ച് തേങ്ങയിടാന്‍ പ്രത്യേക പരിശീലനവും നല്‍കും.
പുരയിടം ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകുന്ന രീതിയിലാണ് ആപ് രൂപകല്‍പ്പന ചെയ്യുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ ഇടവേളകളിലെത്തി തേങ്ങ ഇടുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ചകിരി ക്ഷാമം മൂലം കയര്‍ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്നും പരമാവധി തൊണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം.