ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ് സംഭവിച്ചതിന് പിന്നാലെ ട്രെയിനുകൾ വൈകിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെൻഷൻ.
ഷണ്ടിങ്ങിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക് ട്രാക്കിലേക്ക് പ്രവേശിക്കാനായിരുന്നില്ല. ഇതുമൂലം ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി, ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവയും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകി. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ് അടച്ചില്ലെന്നും പരാതി ഉയർന്നിരുന്നു.
സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ട്രെയിനുകൾക്കും നേരെ അക്രമമുണ്ടായത്.
ഉച്ചയ്ക്ക് 3.45 ഓടെയാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു രാജധാനി എക്‌സ്പ്രസ്.
സംഭവത്തിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പൊലീസും ആർപിഎഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ അക്രമം നടത്തിയത് ആരാണെന്നതിൽ വിവരം ഒന്നും ലഭിച്ചിട്ടില്ല. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.
മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ഇരുസംഭവത്തിലും ആർക്കും പരിക്കുകൾ ഇല്ല.