KeralaNews

എല്ലാ കാലത്തും അടച്ചിടാന്‍ പറ്റില്ല. കൊവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനം,ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ കൊവിഡിനെതിരേയും പകര്‍ച്ചവ്യാധികള്‍ക്കെതിരേയും അവബോധം ശക്തിപ്പെടുത്തുന്നതാണ്. കാമ്ബയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിജ്ഞകള്‍ സ്‌കൂളുകളിലുണ്ടാകും. ആരോഗ്യ വകുപ്പാണ് ഈ പ്രതിജ്ഞകള്‍ വിദ്യാഭ്യാസ വകുപ്പിന് തയ്യാറാക്കി നല്‍കുക. ആദ്യത്തെ ആഴ്ചയില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രതിജ്ഞയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേസുകള്‍ ഇപ്പോഴും ചെറുതായി ഉയരുകയാണ്. എല്ലാ കാലത്തും അടച്ചിടാന്‍ പറ്റില്ല. കൊവിഡിനോടൊപ്പം കരുതലോടെ ജീവിക്കുകയാണ് പ്രധാനം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. അതിനെതിരേയും ജാഗ്രത വേണം. കൊവിഡില്‍ നാം പഠിച്ച ബാലപാഠങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

പ്രതിജ്ഞ

കൊവിഡ് മഹാമാരി പ്രതിരോധിക്കുന്നതിനായി ഞാന്‍ കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കഴുകി വൃത്തിയാക്കുകയും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കുകയും ചെയ്യും.

നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കുകയോ യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ ചെയ്യില്ല.

കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയില്ല.

സ്‌കൂളില്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കില്ല.

സ്‌കൂളില്‍ നിന്നും വീട്ടിലെത്തി കുളിച്ച്‌ പുതിയ വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം മാത്രമേ പ്രായാധിക്യം ചെന്നവരോ കിടപ്പുരോഗികളോ ആയവരുമായി ഇടപഴകുകയുള്ളൂ.

പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിലോ കൊവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുണ്ടെങ്കിലോ സ്‌കൂളില്‍ വരികയില്ല. കൊവിഡ് പ്രതിരോധത്തില്‍ ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker