സിറിയയിൽ അസദ് അനുകൂലികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു ; മരണം ആയിരംകടന്നു;

ദമാസ്‌കസ്: സിറിയയില്‍ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. സംഘര്‍ഷത്തിലും പ്രതികാര കൊലപാതകങ്ങളിലും രണ്ടുദിവസത്തിനകം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കുകൾ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സിവിലിയന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. അസാദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേര്‍ക്കും സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായി. ലതാകിയ നഗരത്തിന്റെ ഭൂരിഭാഗം മേഖലയിലും വൈദ്യുതിവിതരണവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. സിറിയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ച് പതിന്നാലുകൊല്ലത്തിനിടെ ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തില്‍പ്പെട്ടവര്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അലവികള്‍ക്കുനേരെ വെള്ളിയാഴ്ചയാണ് പ്രതികാര കൊലപാതകങ്ങള്‍ ആരംഭിച്ചത്. പതിറ്റാണ്ടുകളായി അസദിനെ പിന്തുണച്ചിരുന്നവരാണ് അലവി വിഭാഗത്തില്‍പ്പെട്ടവര്‍. അലവികളുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമെത്തിയ എതിര്‍പക്ഷക്കാര്‍ പുരുഷന്മാരെ വെടിവെച്ചുകൊല്ലുകയും വീടുകള്‍ കൊള്ളയടിക്കുകയും ശേഷം തീവെക്കുകയും ചെയ്തുവെന്നാണ് വിവരം.