ഇംഫാൽ: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി സംഘർഷാവസ്ഥ തുടരുന്നു. കർഷകർക്കു നേരെയുള്ള വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. അതിർത്തിയിൽ കർഷകർക്ക് നേരെയായിരുന്നു അക്രമം.
സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന.
മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. എന്നാൽ ഇതിനിടെ വീണ്ടും സംഘർഷമുണ്ടായി.
ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടിരുന്നു. മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നൽകാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിച്ചു.
മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേൻ സിങ് പ്രതികരിച്ചു.