കടയുടെ സമീപത്ത് നിന്ന് സിഗരറ്റ് കുറ്റികള്‍ കണ്ടെത്തി; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ
ബംഗളൂരു: കടയുടെ സമീപത്ത് നിന്ന് 110 സിഗരറ്റ് കുറ്റികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയില്‍ നിന്നും 27,000 രൂപ ഈടാക്കി. പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കാന്‍ സിഗരറ്റ് വില്‍ക്കുന്ന ചായക്കടകളിലും പെട്ടിക്കടകളിലും പരിശോധന നടത്തിയതിനെ ഭാഗമായിരിന്നു നടപടി. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് ഉദ്യോഗസ്ഥര്‍ ഗരുഡ മാളിനടുത്ത് ചായക്കട നടത്തുന്ന കൃഷ്ണ പൂജാരി എന്നയാളുടെ കടയിലെത്തിയത്. കടയുടെ പുറത്ത് നിന്നും 110 സിഗരറ്റ് കുറ്റികള്‍ കണ്ടെടുത്തതോടെ അമിതമായ തോതില്‍ സിഗരറ്റുകള്‍ വിറ്റഴിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ഈടാക്കുകയായിരുന്നു.
അതേസമയം കടകളില്‍ നിന്ന് സിഗരറ്റ് പാക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്. വില്‍പനയ്ക്കു വച്ചിരിക്കുന്ന സിഗരറ്റ് വ്യക്തമായ കാരണങ്ങളില്ലാതെയാണ് പിടിച്ചെടുക്കുന്നത്. പുകവലിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പാവപ്പെട്ട കച്ചവടക്കാരെ ബിബിഎംപി ദ്രോഹിക്കുകയാണെന്നു ബീഡി സിഗരറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
പുകവലിക്കുന്നവര്‍ക്കായി സ്മോക്കിങ് സോണ്‍ ഏര്‍പ്പെടുത്തുകയാണ് ബിബിഎംപി ആദ്യം ചെയ്യേണ്ടതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞയാഴ്ച യെലഹങ്കയിലെ മറ്റൊരു ചായക്കടയില്‍ റെയ്ഡിനെത്തിയ സംഘം 40,000 രൂപ വിലവരുന്ന സിഗരറ്റ് പിടിച്ചെടുത്തിരിന്നു. പ്രതിഷേധം ശക്തമായതോടെ 4,500 രൂപയുടെ സിഗരറ്റ് കടയുടമയ്ക്ക് തിരികെ നല്‍കി.