കൊച്ചി:മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമ ആണ് സ്ഫടികം. മോഹൻലാലിനെ നായകനാക്കി ഭദ്രൻ ഒരുക്കിയ സിനിമ ഐക്കണിക് സിനിമകളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു. അഭിനയിച്ച എല്ലാവരും വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ച സിനിമയാണിത്.
മോഹൻലാൽ, തിലകൻ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളുടെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ സ്ഫടികവും ഉൾപ്പെടുന്നു.
വൈകാരികതയും ആക്ഷനും ഒരു പോലെ നിറഞ്ഞ സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഇപ്പോഴിതാ സിനിമയിലെ ഗാനങ്ങളെ പറ്റി ഭദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ രണ്ട് ഹിറ്റ് ഗാനങ്ങൾ പാടിയത് ഗായിക ചിത്ര ആണ്. സിൽക് സ്മിത അഭിനയിച്ച ഏഴിമല പൂഞ്ചോല എന്ന ഗാനവും, ഉർവശിയുടെ കഥാപാത്രം കള്ള് കുടിച്ച് പാടുന്ന ഗാനവും. ഇവയെ പറ്റി ആണ് ഭദ്രൻ സംസാരിച്ചത്.
‘സ്മിത പാടുന്ന പാട്ടിന് കുറച്ച് മാദക സ്വരത്തിൽ പാടണം. അങ്ങനെ ലാലീശ്വരി എന്ന പാട്ടുകാരി തമിഴിൽ ഉണ്ട്. മലയാളത്തിൽ അങ്ങനെ ഒരു പാട്ടുകാരി ഇല്ലെന്ന് മ്യൂസിക് ഡയരക്ടർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അങ്ങനെ ഈ പാട്ടിനെ കൊണ്ട് പോവാൻ പാടില്ലെന്ന്’
‘കാരണം ഈ സിനിമയ്ക്ക് ഒരു പ്രത്യേകത ഉണ്ട്. മണൽ വാരുന്ന പെണ്ണ് അഴിഞ്ഞാടി നടക്കുന്നവൾ ആണെന്ന് സിനിമയിൽ ഒരിടത്തും കാണിച്ചിട്ടില്ല. പിന്നെ എന്തിനാണ് അങ്ങനെ ഒരു പാട്ട്’
‘ഒരു പക്ഷെ അവളുടെ മനസ്സിനകത്ത് തോമാച്ചായാനെ ഒന്ന് കെട്ടിയാലെന്താ എന്ന തോന്നലുണ്ടെങ്കിലോ. അവരുടെ സ്നേഹം വളരെ സ്പഷ്ടമായിരുന്നു. എവിടെയോ ഒരു വൈബ് അവർ തമ്മിൽ ഉണ്ടായിരുന്നു. അത് കൊണ്ടാണ് പൊലീസുകാരൻ കൈയ്ക്ക് കയറിപ്പിടിച്ച് ലാസ്യ ഭാവത്തോടെ നോക്കിയപ്പോൾ കൈയ്ക്ക് ഒരു തട്ട് കൊടുത്തത്. അവൾ വൃത്തികെട്ട അഴിഞ്ഞാടുന്ന ഒരു പെണ്ണാണെങ്കിൽ എന്ത് കൊണ്ട് അത് ചെയ്തു. വളരെ സെൻസിറ്റീവ് ആയി കോർത്തിണക്കിയതാണ് കഥ’
‘ഈ പാട്ടും കള്ളുകുടി പാട്ടും ചിത്രയിൽ കൂടെ തന്നെ വരണമായിരുന്നു. ചിത്ര ഷോക്ക് ആയി. അയ്യോ കള്ള് കുടിച്ചിട്ടോ, എനിക്കെന്തോ മാതിരി എന്ന് പറഞ്ഞു. ഞാൻ ആ സാഹചര്യം പറഞ്ഞ് കൊടുത്തു. പാടുന്ന പെണ്ണ് ഒരു ടീച്ചറാണ്. തന്റെ അച്ഛൻ സ്കൂളിന് ഉണ്ടാക്കിയ ചീത്തപ്പേര് മാറ്റും എന്ന സ്ട്രോങ് കൺവിക്ഷനിൽ ആണ് ആ കഥാപാത്രം വരുന്നത്’
‘ഒപ്പം തന്റെ പഴയ കൂട്ടുകാരനെ കാണാനും. ആ പെണ്ണിനെ ബലമായി കള്ള് കുടിപ്പിച്ചാണ് പാട്ട് പാടുന്നതെന്ന്. ഓ അങ്ങനെയാണോ എന്നായി ചിത്ര. രണ്ട് പാട്ടുകളും റെക്കോഡ് ചെയ്ത ശേഷം ഇന്നു വരെ ഒരു സ്റ്റേജിലും ചിത്ര ഇവ പാടിയിട്ടില്ല’
‘അടുത്തിടെ പാട്ട് റിക്രിയേറ്റ് ചെയ്തപ്പോൾ ചിത്ര പറഞ്ഞതാണ്. ഞാനിതുവരെ ഒരു സ്ഥലത്തും ഈ പാട്ട് പാടിയിട്ടില്ലെന്ന്.ലോകത്തിന്റെ എവിടെ പോയാലും ഈ പാട്ട് പാടാൻ റിക്വസ്റ്റ് ഉണ്ടാവും. എനിക്ക് കള്ള് കുടിച്ച് പാടുമ്പോൾ മുഖ ഭാവം മാറുമെന്ന് പറയും. കള്ള് കുടിച്ച് പാടുമ്പോൾ വാക്കുകളിൽ ഉപയോഗിക്കേണ്ട ലാഗുണ്ട്. റെക്കോർഡിംഗിൽ തൻമയത്വത്തോടെ അവർ അത് ചെയ്തു,’ ഭദ്രൻ പറഞ്ഞു.