FeaturedKeralaNews

അടച്ചിട്ട മുറിയില്‍ വില്യംസ് ചേതനയറ്റ മകനെ കണ്ടു,അനില്‍കുമാറിന്റെ വിശാലമനസും ആയിരങ്ങളുടെ പ്രാര്‍ത്ഥനയും വിഫലം ,കണ്ണുനിറയാതെ എങ്ങിനെ കാണും കൊവിഡ് കാലത്തെ ഈ നൊമ്പരക്കാഴ്ച

തൃശൂര്‍: പ്രവാസിയായ പിതാവിന്റെ വരവ് കാത്ത് തൃശൂര്‍ ജൂബിലി ആശുപത്രിയിലെ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടു വയസ്സുകാരന്‍ സാവിയോയുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ അനില്‍കുമാറിന്റെ വിശാലമായ മനസ്സിനോ പ്രവാസികളുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനക്കോ സാധിച്ചില്ല. ഏവരേയും കണ്ണീരിലാഴ്ത്തി ആ കുരുന്ന് ജീവന്‍ പൊലിഞ്ഞു.

മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയറായ തൃശൂര്‍ തലോര്‍ പൊറത്തുക്കാരന്‍ വില്യംസിന്റെ രണ്ടു വയസ്സുകാരനായ മകന്‍ സാവിയോയെ തലച്ചോറില്‍ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സവിയോയുടെ ആരോഗ്യനില ഗുരുതരമായതായി അറിഞ്ഞിരുന്നെങ്കിലും കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ വില്യംസിന് സാധിച്ചില്ല. ടിക്കറ്റിനായി പല തവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

വില്യംസിന്റെ ദുരവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ വായിച്ചറിഞ്ഞാണ് മസ്‌കറ്റിലെ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനും കരുനാഗപ്പള്ളി സ്വദേശിയുമായ അനില്‍കുമാര്‍ നാട്ടിലേക്കുള്ള തന്റെ യാത്ര മാറ്റി വെച്ച് ആ സീറ്റ് വില്യംസിനായി നല്‍കിയതും വില്യംസ് നാട്ടിലെത്തിയതും.

കോവിഡ് പ്രതിസന്ധിയില്‍ അനില്‍കുമാറിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ അസുഖ ബാധിതനായി മാറിയ അനില്‍കുമാറിന് കരളിന് താഴെ ട്യൂബില്‍ കല്ലാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അനില്‍കുമാറിന് കൂനിന്‍ മേല്‍ കുരു പോലെ മഞ്ഞപ്പിത്തവും പിടിപെട്ടു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതിന്റെ ഇടയിലാണ് യാത്രാനുമതി അറിയിച്ചു കൊണ്ട് എംബസിയില്‍ നിന്നും വിളി വന്നത്.

ഇതിനിടയിലാണ് ഫേസ്ബുക്ക് വഴി വില്യംസിന്റെ കദനകഥ അനില്‍കുമാര്‍ അറിയുന്നതും തന്റെ യാത്ര മാറ്റി വച്ച് വില്യംസിനായി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതും.

അങ്ങനെ അനില്‍ കുമാര്‍ നല്‍കിയ സീറ്റിലാണ് വില്യംസ് തന്റെ പൊന്നോമനയെ കാണാന്‍ നാട്ടിലെത്തിയത്. നാട്ടിലെത്തിയ വില്ല്യംസിന് പക്ഷേ, ക്വാറന്റൈനില്‍ പോകേണ്ടി വന്നതിനാല്‍ ആശുപത്രിയിലെത്തി മകനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.വീഡിയോ കോളിലൂടെ മാത്രമാണ് വില്യംസിന് സാവിയോയെ കാണാന്‍ കഴിഞ്ഞത്.

സാവിയോയുടെ മരണവിവരമറിഞ്ഞ ശേഷമാണ് മകനെ കാണാന്‍ വില്യംസിന് ആരോഗ്യവകുപ്പ് അധികൃതര്‍ അനുവാദം നല്‍കിയത്. മരണവീട്ടില്‍ ഉണ്ടായിരുന്നവരെയെല്ലാം അകലേക്ക് മാറ്റിയതിന് ശേഷമാണ് വില്യംസിനെ രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിച്ചത്. മകന്റെ ചേതനയറ്റ ശരീരത്തിന് സമീപം അല്പനേരം ഇരുന്നാണ് വില്യംസ് ക്വാറന്റൈന്‍ സെന്ററിലേക്ക് മടങ്ങിയത്. പിന്നീട് വീട് അണുവിമുക്തമാക്കിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

:

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker