കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയില്‍ നവജാത ശിശു
കൊല്‍ക്കത്ത: കോളേജിലെ ശുചിമുറിയില്‍ ബാന്റേജ് കൊണ്ട് പൊതിഞ്ഞ് ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കോളേജിലെ ശുചീകരണ തൊഴിലാളിയാണ് ബാത്ത്റൂമില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സാല്‍വാര്‍ കമ്മീസ് ധരിച്ച രണ്ട് യുവതികള്‍ കോളേജ് ക്യാംപസിലേക്ക് നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൈവശം വലിയൊരു ബാഗുമുണ്ടായിരുന്നു. ഇവര്‍ ശുചിമുറിയില്‍ കയറി അഞ്ച് മിനിറ്റിന് ശേഷം പുറത്തേക്ക് വന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശുചിമുറി അനായാസം കണ്ടെത്തിയതിനാല്‍ യുവതികള്‍ ഈ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ തന്നെയായിരിക്കുമെന്നാണ് പോലീസിന്റെ സംശയം.