FeaturedKeralaNews

‘വികസനത്തിന് കടമെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ല’; സില്‍വര്‍ ലൈനുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി, പ്രചാരണത്തിന് 50 ലക്ഷം കൈപ്പുസ്തകങ്ങൾ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന് വായ്പയെടുക്കാത്ത ഒരു സര്‍ക്കാരും ഇല്ല. കെ. റെയിലിനായി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി ജൈക്ക സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എഐഐബി, എഡിബി എന്നിവരുമായി ചര്‍ച്ച പൂര്‍ത്തിയായി. വായ്പ് കണ്ടെത്താന്‍ ധനമന്ത്രാലയം അനുമതി നല്‍കിയെന്നും പിണറായി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ വന്‍ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുകയാണ്. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. ഇതിനായി ആധുനിക അച്ചടി സ്ഥാനപങ്ങളില്‍നിന്ന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.

അതേസമയം സംസ്ഥാന ആഭ്യന്തര വകുപ്പില്‍ പ്രശ്‌നങ്ങളും പോരായ്മകളും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചു. പോലീസില്‍ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തെറ്റായ പ്രവണതയുള്ളവര്‍ ചുരുക്കം ചിലര്‍ മാത്രമാണെന്നും അതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസിനെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവജന രംഗത്തുള്ളവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലന്‍ – താഹ വിഷയത്തില്‍ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നല്‍കി. അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും യുഎപിഎ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സമ്മേളനത്തില്‍ മറുപടി നല്‍കി.

കെ റെയിലിൽ വിപുലമായ പ്രചാരണത്തിനും സർക്കാർ തയാറെടുക്കുന്നു. കൈ പുസ്തകം(hand book) തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോ​ഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 50 ലക്ഷം കൈപ്പുസ്തകമാണ് സർക്കാർ തയാറാക്കുന്നത്. ഇതിനായി സർക്കാർ ടെണ്ടർ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും.

നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോ​ഗം വിളിച്ചു. പൊതു യോ​ഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിർപ്പു കണ്ട് പദ്ധഥി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രം​ഗത്തെത്തിയിരുന്നു.

അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker