കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ 60 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴി വില നിലം പൊത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ കോഴിയിറച്ചിയുടെ വില കിലോക്ക് 140 രൂപയായിരുന്നു. ഇന്ന് കോഴിക്കോട് നഗരത്തിലെ വിപണി വില 200 രൂപയാണ്. ഇടയ്ക്ക് 225 രൂപ വരെ ഉയര്‍ന്നിരിന്നു. പെരുന്നാള്‍ കാലത്തുണ്ടായ അപ്രതീക്ഷിത വിലവര്‍ധന ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിലെ ഫാമുകളില്‍ കോഴികളില്ലാത്തതും ലോക്ക് ഡൗണിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ചെറുകിട കര്‍ഷകര്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കാതായതോടെ കോഴിക്ക് കടുത്ത ക്ഷാമമായി. മീനിന്റെ ലഭ്യത കുറഞ്ഞതും കാരണമാണ്.
200 രൂപയ്ക്ക് മുകളില്‍ കോഴിയിറച്ചി വില്‍ക്കരുതെന്ന ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദേശം വന്നതോടെയാണ് വിലവര്‍ധന അല്‍പമെങ്കിലും നിയന്ത്രിക്കാനായത്.