26.9 C
Kottayam
Sunday, May 5, 2024

ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല ഒടുവിൽ കാലിത്തീറ്റയായി കന്നുകാലികൾക്ക് ഭക്ഷണമായി

Must read

കണ്ണൂർ:കോവിഡ് കാലത്ത് ദരിദ്രർക്ക് റേഷൻകട വഴി വിതരണംചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി. റേഷൻ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്സിന് സൗജന്യമായി നൽകുകയായിരുന്നു. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലെത്തിച്ച് ഫീഡ്സ് ഇതിനെ കാലിത്തീറ്റയാക്കി വിപണിയിൽ വിറ്റഴിക്കാൻ നൽകി.

കിലോഗ്രാമിന് 65 രൂപ പ്രകാരം 3.8 കോടിയോളം വിപണിവില വരുന്നതായിരുന്നു കടല. റേഷൻകടകളിൽനിന്ന് ശേഖരിച്ച് നൽകാനുള്ള വാഹനച്ചെലവ് മാത്രം ഫീഡ്സ് വഹിച്ചു. ദിവസം 1350 ടൺ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന ഫീഡ്സിന് ഇത് ചെറിയ അളവാണെങ്കിലും ഉത്തേരന്ത്യയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുവിന് ക്ഷാമം നേരിടുന്ന അവർക്ക് ഇത് സഹായമായി.

കഴിഞ്ഞകൊല്ലം ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് പാവങ്ങൾക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം കിട്ടിയ കടലയാണിത്. മാസം ഒരു കിലോഗ്രാം വീതം നൽകുന്നതായിരുന്നു പദ്ധതി. ആദ്യ രണ്ടുമാസം ചെറുപയറായിരുന്നു. അത് കൊടുത്തുതീർന്നു. പിന്നീടുള്ള മാസങ്ങളിലേക്ക് കടലയാണ് നൽകിയത്. കുറെപ്പേർ അത് വാങ്ങിയില്ല. അങ്ങനെ മിച്ചംവന്ന കടല സംസ്ഥാന സർക്കാരിന്റെ കിറ്റിൽപ്പെടുത്തി നൽകാൻ അനുമതിതേടി ജനുവരിയിൽത്തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും അനുമതി മേയ് മാസത്തിൽ മാത്രമാണ് കിട്ടിയതെന്നും സപ്ലൈകോ പറയുന്നു.

എന്നാൽ, ഫെബ്രുവരിയിൽത്തന്നെ അനുമതി കിട്ടിയിരുന്നുവെന്നും റേഷൻ കടകളിൽനിന്ന് ശേഖരിക്കാൻ വൈകിയതാണ് കേടാകാൻ കാരണമെന്നും റേഷൻ ഷാപ്പ് ഉടമകൾ പറയുന്നു. ഗോഡൗണിലും കുറെ കടല കെട്ടിക്കിടന്ന് നശിച്ചതായി അവർ ആരോപിക്കുന്നു.അതിദരിദ്ര വിഭാഗങ്ങളിൽപ്പെടുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിനും മറ്റ് മുൻഗണനാവിഭാഗങ്ങൾക്കും നൽകാനായിരുന്നു കേന്ദ്ര നിർദേശം.

3903902 കാർഡ് ഉടമകളാണ് ഈ രണ്ട് വിഭാഗത്തിലുംകൂടി കേരളത്തിലുള്ളത്. ജനുവരിക്കുശേഷമുള്ള മാസങ്ങളിൽ കൂടി വിതരണം അനുവദിച്ചിരുന്നെങ്കിൽ റേഷൻ കടകളിൽനിന്നുതന്നെ ഇത് തീരുമായിരുന്നു. സമാനരീതിയിൽ കേന്ദ്രം നൽകിയ അരിയും ഗോതമ്പും കുറെ മിച്ചംവന്നു. മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി അത് വിതരണംചെയ്ത് തീർത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week