News

‘ഒരുമിച്ചു ജീവിക്കും, വേര്‍പിരിഞ്ഞാല്‍ ബലാത്സംഗ പരാതി’; വിവാദ പരാമര്‍ശവുമായി ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍ അധ്യക്ഷ

ബിലാസ്പൂര്‍: പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാകുമ്പോഴാണു പലപ്പോഴും സ്ത്രീകള്‍ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യുന്നതെന്ന വിവാദ പരാമര്‍ശവുമായി ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ അധ്യക്ഷ കിരണ്‍മയി നായക്.

‘വിവാഹിതനായ പുരുഷന്‍ ഒരു പെണ്‍കുട്ടിയെ ബന്ധത്തിന് പ്രലോഭിപ്പിക്കുകയാണെങ്കില്‍, ആ പുരുഷന്‍ കള്ളം പറയുകയാണോ, അതിജീവിക്കാന്‍ സഹായിക്കുമോ ഇല്ലയോ എന്നുള്ള കാര്യങ്ങള്‍ അവള്‍ മനസ്സിലാക്കണം. അങ്ങനെയല്ലാത്ത കേസുകളിലാണ് ഇരുവരും, കൂടുതലും സ്ത്രീകള്‍, പോലീസിനെ സമീപിക്കുന്നത്. മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ക്ക് സമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന് കാണാം. ഒരുമിച്ചു ജീവിക്കുകയും വേര്‍പിരിയലിനുശേഷം ബലാത്സംഗത്തിന് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയുമാണ്’- കിരണ്‍മയി നായിക് പറഞ്ഞു.

സ്ത്രീകളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ടു ബിലാസ്പുരില്‍ നടന്ന പൊതു ഹിയറിങ്ങിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. സാധ്യമായ രീതിയില്‍ പരമാവധി ഗാര്‍ഹിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

ഇതിനായി പലപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും ശകാരിക്കുകയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഒരു തരത്തില്‍ കൗണ്‍സലിങ്ങാണിത്. സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടുപോകരുതെന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് – കിരണ്‍മയി നായക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button