KeralaNews

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല,കോണ്‍ഗ്രസിനെ അവസരം നോക്കി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം ഏത് കാര്യത്തിലാണ് കോവിഡ് പ്രതിരോധത്തിന് തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തിലെ ആക്ഷേപത്തോട് ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്.

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കിയ ചെന്നിത്തല സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മമാണെന്നും പറഞ്ഞു

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമം നടക്കുന്നു. മഹാ ദുരന്തം വരുമ്പോള്‍ രാഷ്ട്രീയം മറന്ന് യോജിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ നടപടികളോടും സ്വീകരിക്കുന്നുമുണ്ട്. ബംഗാളിലെ സിപിഎമ്മിന്റെ രീതിയല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റേതെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

കൊവിഡ് കാലത്തെ ആശ്വാസ നടപടികള്‍ മുഴുവന്‍ സര്‍ക്കാരിന്റെ നേട്ടമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്, അത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെകുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫിനെയും അവസരം നോക്കി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മോശം പ്രയോഗങ്ങള്‍ മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്നും നികൃഷ്ടജീവി, പരനാറി പ്രയോഗങ്ങള്‍ ഓര്‍മ്മിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി നടത്തിയ പോലെ പദപ്രയോഗങ്ങള്‍ കേരളത്തില്‍ വേറെ ആരെങ്കിലും നടത്തിയിട്ടുണ്ടോ? എന്ന് ചെന്നിത്തല ചോദിച്ചു. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. ദൈവദാസനായ അദ്ദേഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ട് ഇതുവരെ മാപ്പ് പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചില്ലേ. ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ചില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോള്‍ നിങ്ങളുടെ മൗനം കേരളം കണ്ടതാണ്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ മന്ത്രിമാരുടെ പദസമ്പത്തുകള്‍ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല -ചെന്നിത്തല പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button