കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും: ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്: കോടിയേരിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോൺഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോൾ ലംഘനമാണ് താൻ നടത്തിയതെന്ന കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ ദേശീയദിനത്തിൻ്റെ ഭാഗമായി യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാൻ പങ്കെടുത്തത്. തുടർന്ന് കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പും നടത്തി. ഒരു ഉപഹാരവും താൻ ആരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയാണ്. ഈ സർക്കാരിനെതിരെ ഞാൻ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല. ഐഎംഇഐ നമ്പർ പരിശോധിച്ച് തനിക്ക് നൽകിയെന്ന് പറയുന്ന വിവാദ ഐഫോൺ ആരാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതുകൊണ്ടൊന്നും എന്നെ തളർത്താം എന്നു കരുതേണ്ട. കൊടുത്താൽ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും. ഇങ്ങനെയൊരാൾ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങൾക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പർ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെടുന്ന ഒരു പാർട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിൻ്റേയും കസേരയിൽ ഇരിക്കുന്നതിന് നല്ല നമസ്കാരമെന്നും ചെന്നിത്തല പറയുകയുണ്ടായി.