കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം. രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രദേശത്ത് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഇതര രോഗികള്‍ക്ക് ചികിത്സാ സൗകര്യമില്ലാത്തത് സ്ഥിതിഗതികള്‍ വഷളാകാന്‍ ഇടയാക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51 ഉം സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഇതില്‍ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ കൊവിഡ് ചികില്‍സയിലുള്ളത് 528 പേരാണ്. 1037 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ക്ലസ്റ്ററുകളില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുന്നതാണ് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ചെല്ലാനം ക്ലസ്റ്ററില്‍ നിന്നു ഇന്നലെ മാത്രം 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററില്‍ നിന്നാകട്ടെ 15 പേര്‍ക്കും രോഗം പിടിപെട്ടു. കീഴ്മാട് ക്ലസ്റ്ററില്‍ നിന്നു സമ്പര്‍ക്കം വഴി 16 വയസ്സുള്ള ആള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.