KeralaNews

നായകളുമായി പരിശോധന, കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയില്ല, ഡമ്മി പരീക്ഷണം പുരോഗമിക്കുന്നു

പത്തനംതിട്ട : ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് നടത്തിയ നാല് മണിക്കൂർ നീണ്ട പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. പ്രതികൾ മൂന്ന് പേരെയും സംഭവ സ്ഥലത്ത് എത്തിച്ച് കഡാവർ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്റേതാണെന്ന സംശയത്തിലാണ് പൊലീസ്.

ഡമ്മി എത്തിച്ച പൊലീസ് കൊലപാതകങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. മൂന്ന് പ്രതികളെയും കൊലപാതകം നടത്തിയ വീട്ടിലെ മുറിയിലെത്തിച്ചാണ് ഡമ്മി പരീക്ഷണം നടത്തിയത്. എങ്ങനെയാണ് പ്രതികൾ റോസിലിയെയും പത്മത്തെയും കൊലപ്പെടുത്തിയതെന്നാണ് ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചത്. ഒര് സമയത്തും ഒരാൾ എന്ന രീതിയിൽ മൂന്ന് പ്രതികളെയും  മുറിയിൽ കയറ്റിയായിരുന്നു പരിശോധന. 

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കൊച്ചിയിൽ നിന്ന് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നീ മൂന്ന്  പ്രതികളെയും ഇലന്തൂരിൽ എത്തിച്ചത്. പ്രതികളെ എത്തിച്ചതിന് പിന്നാലെ കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധവും ഉണ്ടായി. 

നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള മായ, മർഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പിൽ വിശദമായ പരിശോധന നടത്തിയത്. നായ സംശയിച്ചു നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി. പ്രതികളെ പുറത്തിറക്കി വിവരങ്ങൾ തേടിയായിരുന്നു ചിലയിടങ്ങളിൽ പരിശോധന നടത്തിയത്. 

രണ്ടു കാര്യങ്ങളാണ് പൊലീസ് ഈ വിശദ പരിശോധനയിലൂടെ ലക്ഷ്യമിട്ടത്. പ്രതികൾ കൂടുതൽ മൃതദേഹങ്ങൾ ഒന്നും ഈ വീട്ടുവളപ്പിൽ മറവു ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുകയെന്നതായിരുന്നു പൊലീസിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇത് സംബന്ധിച്ച് എല്ലാ സാധ്യതകളും ശാസ്ത്രീയമായി അന്വേഷിക്കുക വഴി അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുന്നത് ഇല്ലാതാക്കുകയെന്നതായിരുന്നു രണ്ടാമത്തേത്. 

പരിശോധനയിൽ ഒരു എല്ലു കണ്ടെടുത്തെങ്കിലും ഇത് മൃഗത്തിന്റേത് ആണെന്നാണ് നിഗമനം. നാല് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ ഇതുകൊണ്ട് അന്വേഷണം അവസാനിക്കുന്നില്ല. കൂടുതൽ പേരെ പ്രതികൾ ഇവിടെ എത്തിച്ചിരുന്നോയെന്നും എത്തിച്ചെങ്കിൽ ഇവർക്ക് എന്ത് സംഭവിച്ചുവെന്ന കാര്യങ്ങളിലും വിശദ പരിശോധന തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker