CrimeEntertainmentKeralaNews

40 ലക്ഷം രൂപ തട്ടിയെടുത്തു, നടൻ ബാബുരാജിനെതിരെ കേസെടുത്തു

ഇടുക്കി: നടന്‍ ബാബുരാജിനെതിരെ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 40 ലക്ഷം രൂപ തട്ടിയെന്ന് ഹോട്ടല്‍ വ്യവസായി അരുണ്‍ നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ ആണ് പരാതിക്കാരന്‍. നടനില്‍ നിന്ന് നിന്ന് അരുണ്‍ മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണ് പാട്ടത്തിന് ലഭിച്ചതെന്ന് അരുണ്‍ പിന്നീടാണ് അറിഞ്ഞത്.

40 ലക്ഷം രൂപ അഡ്വാന്‍സും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം കരാണ്ടാക്കിയ ഉടനെ 40 ലക്ഷം രൂപ കൈമാറി. മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്.

കൊവിഡ് കാരണം റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് മനസിലായത്. കൈയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്ന് അരുണ്‍ പറയുന്നു.

ജിഎസ്ടി എടുക്കാന്‍ വേണ്ടി ചില പേപ്പറുകള്‍ ബാബുരാജിനോട് ചോദിച്ചു. ഈ സമയം അദ്ദേഹം രേഖകള്‍ കൈമാറാതെ വൈകിപ്പിക്കുന്നതായി തോന്നി. കൈയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കാമെന്ന് കരുതി. പട്ടയമില്ലാത്ത ഭൂമിയാണെന്നും ഒരുപാട് ആരോപണം നേരിടുന്ന സ്ഥലമാണെന്നും കേസുകളുണ്ടെന്നും പഞ്ചായത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. പണം തിരിച്ചു ചോദിച്ചപ്പോള്‍ ബാബു രാജ് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ല. ബാബുരാജിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസെടുക്കാതിരുന്നതെന്ന് അരുണ്‍ കരുതുന്നു.

എന്നാല്‍ ഇയാള്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി അടിമാലി പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് അടിമാലി പോലീസ് കേസെടുത്തത്. പക്ഷേ, തുടര്‍ നടപടിയുണ്ടായില്ല. പോലീസ് ബാബുരാജിനെ വിളിപ്പിച്ചിരുന്നുവത്രെ. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും നടന്‍ ഹാജരായില്ലെന്ന് പോലീസ് പ്രതികരിക്കുന്നു. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു രാജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ വച്ചുള്ള വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജിന്റെ നിലപാട്. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker