തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ചാവക്കാട് പ്രദേശത്ത് എസ്ഡിപിഐയില്‍ നിന്ന് നിരവധിയാളുകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനു കാരണം നൗഷാദായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നൗഷാദ് നേരത്തെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായി. ഇതൊക്കെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുബീന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ മുബീന്‍ നല്‍കിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രാദേശിക എസ്ഡിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുബീന്‍ പറഞ്ഞു.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മുബീന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സ്ഥലത്തെ റൗഡിയാണെന്നും പൊലീസ് പറഞ്ഞു. ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.