KeralaNews

ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികളുടെ കോവിഡ് പരിശോധന;തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

തിരുവനന്തപുരം:ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ.രോഗവ്യാപനം തടയാന്‍ ഈ നടപടി അനിവാര്യമാണെന്ന് പറഞ്ഞ മന്ത്രി അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇങ്ങനെഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും അറിയിച്ചു.

വിമാനത്തില്‍ രോഗിയുണ്ടെങ്കില്‍ ഒന്നിച്ചുള്ള യാത്രയില്‍ മറ്റുള്ള യാത്രക്കാര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ഗള്‍ഫിലെ സന്നദ്ധ സംഘടനകള്‍ക്ക് ടെസ്റ്റ് നടത്താനുള്ള സഹായം ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക.നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ല.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം മാത്രമാണ് സമ്പര്‍ക്കം മൂലമുള്ള വ്യാപനം. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം. നിലവില്‍ അത്തരമൊരു സാഹചര്യമില്ല എന്നതാണ് ആശ്വാസകരമെന്നും മന്ത്രി വ്യക്തമാക്കി.

വിദേശത്തുനിന്ന് വന്നവര്‍ രോഗബാധിതരല്ല. ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് വന്നത്. അവരില്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും അതുണ്ടാകാം. അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികള്‍ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ആരോടും ഇവിടേയ്ക്ക് വരേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി വിവാദമാക്കിയ പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമര്‍ശനമാണ് ആരോഗ്യമന്ത്രി നടത്തിയത്. വിപത്ത് വരുമ്പോള്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ചെറിയ ബുദ്ധിമുട്ടുകള്‍ പോലും പ്രതിപക്ഷം പര്‍വ്വതീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും അവര്‍ തുറന്നടിച്ചു.

20ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെട്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവര്‍ക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്. വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker