തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
ശിവശങ്കര്‍ നല്‍കിയ മൊഴിക്ക് വിപരീതമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കുന്ന വിവരങ്ങള്‍. സ്വപ്നയെ പരിയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ നല്‍കിയ മൊഴി. എന്നാല്‍ സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് വേണുഗോപാല അയ്യര്‍ വ്യക്തമാക്കി. സ്വപ്നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നു. ബാങ്ക് ലോക്കര്‍ സംയുക്തമായി തുടങ്ങാന്‍ ആവശ്യപ്പെട്ടത് ശിവശങ്കറാണെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് അക്കൗണ്ടില്‍ 30 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ സ്വപ്ന സുരേഷ് നിക്ഷേപിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി സ്വപ്ന തന്നെ തുക പിന്‍വലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് അന്വേഷണ സംഘം 64 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.