ചരിത്രം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം; സോഫ്റ്റ് ലാന്‍ഡിംഗിനൊരുങ്ങി ചന്ദ്രയാന്‍ 2
ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ 2 ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ഇതുവരെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള 38 ശ്രമങ്ങളാണ് നടന്നത്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങള്‍ മാത്രമാണ്. ഒന്നരമാസത്തെ യാത്രക്കൊടുവിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലെത്തിയിരിക്കുന്നത്.
വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് കാണുവാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും ബംഗളൂരുവിലെത്തിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്റോ പദ്ധതി പ്രകാരം ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കുക. വിക്രം ലാന്‍ഡര്‍ ഭ്രമണം പഥം വിട്ട് ചന്ദ്രോപരിതലത്തില്‍ തൊടുന്നത് വരെയുള്ള ഈ പതിനഞ്ച് മിനുട്ടുകളില്‍ പിഴവുകള്‍ സംഭവിച്ചാല്‍ ദൗത്യം പരാജയപ്പെടും.