ചൈനീസ് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണം; രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടെന്ന് സേനകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇന്ത്യാ- ചൈനാ തര്‍ക്കം മൂര്‍ച്ഛിച്ചിക്കുന്ന സാഹചര്യത്തില്‍ സേനാമേധാവികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനി ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണമെന്നാണ് നിര്‍ദ്ദേശം. ചൈനീസ് പ്രകോപനം നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്രമാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം ഉണ്ടാക്കിയിരിക്കുന്നത്. ഉചിതമായ എന്തു നിലപാടും സേനകള്‍ക്ക് എടുക്കാമെന്നും അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ പ്രകോപനമോ ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.
ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തിയെ പ്രധാനമന്ത്രി ചൈനയുടെ അക്രമത്തിന് മുന്നില്‍ അടിയറവ് വെച്ചു,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും രാഹുല്‍ ചോദിച്ചു.