ന്യൂഡല്‍ഹി: ടിക് ടോക്കും സൂമും ഉള്‍പ്പെടെ ചൈനീസ് ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്രനീക്കം. ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കൈമാറി. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്ത് വന്‍ തോതില്‍ വിവര കൈമാറ്റം നടത്തുന്നുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.
വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഈ ആപ്പുകള്‍ ദേശസുരക്ഷക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്റലിജന്‍സ് നിര്‍ദേശത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്. ഓരോ ആപ്ലിക്കേഷനും ഉയര്‍ത്തുന്ന സുരക്ഷാഭീഷണി പ്രത്യേകം ചര്‍ച്ച ചെയ്യും. ആപ്പുകള്‍ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുകയോ ഇവ ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയെപ്പറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.