തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപന സാഹചര്യം അവലോകനം ചെയ്യാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുമായി ചര്‍ച്ച നടത്തും. സംസ്ഥാനം ഇതുവരെ കൈക്കൊണ്ട പ്രതിരോധ നടപടികള്‍ വിലയിരുത്തുന്ന സംഘം കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കും.
ഇന്ന് ഉച്ചകഴിഞ്ഞു 2.30 മുതല്‍ നാലു വരെയാണു ചര്‍ച്ച. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തി. ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും കേന്ദ്ര നടപടികള്‍.
ഉച്ചയ്ക്ക് 12.50നു തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി കൊവിഡ് അവലോകന യോഗത്തിനു ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ് സന്ദര്‍ശിക്കും. എച്ച്എല്‍എല്ലിന്റെ അവലോകന യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്നു തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കും. രാത്രി 8.30നു കേന്ദ്രമന്ത്രിയും സംഘവും മടങ്ങും.