ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം പോലെയുളള ചടങ്ങുകളില്‍ എണ്ണം കുറയ്ക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. അതല്ലാത്ത പക്ഷം സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. 10,787 സാമ്പിളുകളില്‍ 736 പേരില്‍ കോവിഡിന്റെ ബ്രിട്ടീഷ് വകഭേദവും 34 പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. ഇന്ന് 47,262 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1.17 കോടിയെത്തി.
ബിഹു, വിഷു, ഈദ് ഉല്‍ ഫിത്തര്‍ പോലെ വരും ദിനങ്ങളിലെ ഉത്സവങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.