FeaturedKeralaNews

സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണം, അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വന്നുവെന്ന് അറിയിച്ച മന്ത്രാലയം, റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധിക്കുമെങ്കിൽ ഇന്ന് തന്നെ റിപ്പോർട്ട് വേണമെന്ന് കേന്ദ്രസർക്കാർ നിര്‍ദ്ദേശിച്ചു.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. ഈ നിയമം ഉപയോക്താവിന്‍റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വാദിക്കുന്നു.

കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ് ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍ സുരക്ഷയും പുതിയ നിയമത്തോടെ ദുർബലമാകും. 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള കേസ് പരാമർശിച്ച്, സർക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും ജനങ്ങളുടെ സ്വകാര്യത അവകാശത്തിന്‍റെ ലംഘനമാണെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു.

ആളുകളുടെ സുരക്ഷക്കായി സര്‍ക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
സാങ്കേതികമായും പുതിയ നിയമം വാട്സാപ്പ് പോലുള്ള മെസേജിങ് ആപ്പിന് തലവേദനയാണ്. പ്രത്യേകിച്ച് ഉപയോക്താക്കള്‍ പലയിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ അതേ പടി പകര്‍ത്തി സ്വന്തം സന്ദേശമായി അയക്കാറുള്ളത് ഉറവിടം കണ്ടെത്തുന്നത് വിഷമകരമാക്കും.

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുന്ന രീതിയില്‍ സാങ്കേതിക മാറ്റുന്നത് സുരക്ഷ ഭീഷണിയും സൃഷ്ടിക്കും. കേന്ദ്രസർക്കാരിന്‍റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വാട്സാപ്പ്. പുതിയ നിയമം ഉപയോക്താക്കളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റുമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും വാട്സാപ്പ് ഹ‍ർജിയിൽ വ്യക്തമാക്കി. ഇതിനിടെ സര്‍ക്കാര്‍ നിർദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റർ ഇനിയും തയ്യാറായിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker