FeaturedHome-bannerKeralaNews

അങ്കണവാടി മുതല്‍ 15 വര്‍ഷം വിദ്യാഭ്യാസം,ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പോടെയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം,ഉന്നതവിദ്യാഭ്യാസവും ഉടച്ചുവാര്‍ക്കും,പുതിയ കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ സമഗ്ര വിവരങ്ങളിങ്ങനെ

ഡല്‍ഹി: വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴി തെളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന് മന്ത്രിസഭയുടെ അംഗീകാരം.പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 100% ജിഇആറുമായി (GER) പ്രീ-സ്‌കൂള്‍ മുതല്‍ സെക്കന്‍ഡറി തലം വരെ സാര്‍വത്രിക വിദ്യാഭ്യാസത്തിന് പുതിയ 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവും

ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു തുടക്കം

കുറഞ്ഞത് അഞ്ചാം തരം വരെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ അധ്യയനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജന്‍ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി, ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ പുറത്തെടുക്കുന്നതിനു ലക്ഷ്യമിട്ട്, സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ഇന്ത്യയെ ഊര്‍സ്വലമായ വിജ്ഞാന സമൂഹമായും ആഗോളതലത്തില്‍തന്നെ വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ നയം ലക്ഷ്യമിടുന്നു.

പ്രധാന ഭാഗങ്ങള്‍

സ്‌കൂള്‍ വിദ്യാഭ്യാസം

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നു

പ്രീ-സ്‌കൂള്‍തലം മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസത്തിന് സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ഇപി 2020 ഊന്നല്‍ നല്‍കുന്നു. അടിസ്ഥാനസൗകര്യങ്ങളില്‍ സഹായം, കൊഴിഞ്ഞുപോയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നൂതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിദ്യാര്‍ത്ഥികളെയും അവരുടെ പഠന നിലവാരത്തെയും പ്രത്യേകം പരിശോധിക്കല്‍, ഔപചാരികവും അനൗപചാരികവുമായ പഠനപദ്ധതികള്‍ ഉള്‍പ്പെടുന്ന അറിവിന്റെ ലോകത്തേയ്ക്ക് ഒന്നിലധികം പാതകള്‍ വെട്ടിത്തുറക്കല്‍, സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുടെയും മികച്ച പരിശീലനം നേടിയ സാമൂഹ്യപ്രവര്‍ത്തകരുടെയും സഹകരണം, എന്‍ഐഒഎസിലൂടെയും സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളുകളിലൂടെയും 3,5,8 ക്ലാസുകള്‍ക്കായുള്ള തുറന്ന വിദ്യാഭ്യാസം, പത്താം തരത്തിനും പന്ത്രണ്ടാം തരത്തിനും തുല്യമായ സെക്കന്‍ഡറി വിദ്യാഭ്യാസ പരിപാടികള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, മുതിര്‍ന്നവരുടെ സാക്ഷരത, ജീവിതം പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ എന്നിവയാണ് ഇതിനായുള്ള നിര്‍ദിഷ്ട മാര്‍ഗങ്ങള്‍. എന്‍ഇപി 2020 ഏകദേശം 2 കോടി സ്‌കൂള്‍ കുട്ടികളെ മുഖ്യധാരയിലേയ്ക്കു തിരികെ കൊണ്ടുവരും.

പുത്തന്‍ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ഘടനയും ഉള്‍പ്പെടുന്ന ശിശു പരിപാലനവും വിദ്യാഭ്യാസവും

ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍നല്‍കി, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5 + 3 + 3 + 4 എന്ന രീതിയില്‍ പാഠ്യപദ്ധതി ക്രമീകരിക്കണം. ഇത് ഇതുവരെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകാത്ത 3-6 പ്രായപരിധിയിലുള്ള കുട്ടികളെയും ഉള്‍പ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക ഘട്ടമായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്. പുതിയ സംവിധാനത്തില്‍ 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവര്‍ഷത്തെ അങ്കണവാടി/ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.

എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കായി എന്‍സിഇആര്‍ടി, ശിശു പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായി ദേശീയ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ചട്ടക്കൂടും (എന്‍സിപിഎഫ്ഇസിസിഇ) വികസിപ്പിക്കും. അങ്കണവാടികള്‍, പ്രീ-സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ വിപുലവും കരുത്താര്‍ജിച്ചതുമായ സ്ഥാപനങ്ങളിലൂടെ ഇസിസിഇ അവതരിപ്പിക്കും. കാലേക്കൂട്ടിയുള്ള ശിശുപരിപാലനവും വിദ്യാഭ്യാസവും (ഇസിസിഇ) എന്ന ബോധനശാസ്ത്രത്തിലും പാഠ്യപദ്ധതിയിലും പരിശീലനം നേടിയ അധ്യാപകരെയും അങ്കണവാടി പ്രവര്‍ത്തകരെയും സജ്ജമാക്കും. ഇസിസിഇയുടെ ആസൂത്രണവും നടപ്പാക്കലും എച്ച്ആര്‍ഡി, വനിതാ-ശിശുക്ഷേമ (ഡബ്ല്യുസിഡി), ആരോഗ്യ-കുടുംബക്ഷേമ (എച്ച്എഫ്ഡബ്ല്യു), ഗിരിവര്‍ഗകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി കൈകാര്യം ചെയ്യും.

അക്ഷരങ്ങളും സംഖ്യകളും മനസിലാക്കാനുള്ള അടിസ്ഥാനപഠനം

സാക്ഷരരാകാനും സംഖ്യകള്‍ തിരിച്ചറിയുന്നതിനുമുള്ള അടിസ്ഥാന പഠനം അടിയന്തിരവും അനിവാര്യവുമായ ഒന്നായി വിലയിരുത്തുന്ന എന്‍ഇപി 2020, എംഎച്ച്ആര്‍ഡിയുടെ കീഴില്‍ നാഷണല്‍ മിഷന്‍ ഓണ്‍ ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസിക്കു രൂപം നല്‍കാനും ആവശ്യപ്പെടുന്നു. 2025 ഓടെ മൂന്നാം തരം വരെയുള്ളവര്‍ക്ക് എല്ലാ പ്രാഥമിക വിദ്യാലയങ്ങളിലും സാര്‍വത്രികവും അടിസ്ഥാനപരവുമായ സാക്ഷരതയും സംഖ്യാബോധവും ലഭിക്കുന്നതിനായി സംസ്ഥാനങ്ങള്‍ പദ്ധതി തയ്യാറാക്കും. ദേശീയ പുസ്തക പ്രചാരണ നയത്തിനും രൂപം നല്‍കണം.

സ്‌കൂള്‍ പാഠ്യപദ്ധതി-അധ്യയന പരിഷ്‌കരണങ്ങള്‍

പ്രധാന കാര്യങ്ങള്‍ മനസിലാക്കുന്നതിനും വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവപരിചയ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പാഠ്യപദ്ധതിയില്‍ കുറവുവരുത്തി, 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന നിപുണതയിലേയ്ക്കു വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതു ലക്ഷ്യമിട്ടാണ് സ്‌കൂള്‍ പാഠ്യപദ്ധതിയും അധ്യയനവും ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ തെരഞ്ഞെടുപ്പിനും അവസരമൊരുങ്ങും. കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍-പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എന്‍സിഎഫ്എസ്ഇ 2020-21 എന്‍സിഇആര്‍ടി വികസിപ്പിക്കും.

ബഹുഭാഷാപ്രാവീണ്യവും ഭാഷയുടെ ശക്തിയും

കുറഞ്ഞത് അഞ്ചാം തരം വരെയെങ്കിലും അധ്യയന മാധ്യമമായി മാതൃഭാഷയ്ക്ക്/പ്രാദേശിക ഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ത്രിഭാഷാ പഠനസംവിധാനം ഉള്‍പ്പെടെ, സംസ്‌കൃതവും ഒരു ഓപ്ഷന്‍ ആയി വച്ചുകൊണ്ടുള്ള പഠനസംവിധാനം സ്‌കൂള്‍-ഉന്നതതല വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാകും. മറ്റ് ക്ലാസിക്കല്‍ ഭാഷകളും ഇന്ത്യയിലെ സാഹിത്യങ്ങളും പഠിക്കാനുള്ള അവസരവും ലഭ്യമാണ്. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഇന്ത്യയുടെ ഭാഷകള്‍’ എന്ന വിഷയത്തില്‍ ഏതെങ്കിലും സമയം രസകരമായ പ്രോജക്റ്റില്‍ / പ്രവര്‍ത്തനത്തില്‍ (ഉദാഹരണത്തിന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) പങ്കെടുക്കാനും അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറി തലത്തില്‍ നിരവധി വിദേശ ഭാഷകളും പഠിക്കാനാകും. ഇന്ത്യന്‍ ആംഗ്യഭാഷയെ (ഐഎസ്എല്‍) രാജ്യത്തുടനീളം ഏകരൂപത്തിലാക്കും. കൂടാതെ ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകും വിധത്തില്‍ ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍ വികസിപ്പിക്കും.

മൂല്യനിര്‍ണയ പരിഷ്‌കരണങ്ങള്‍

സംഗ്രഹാത്മക വിലയിരുത്തലില്‍ നിന്ന്, കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവായ മൂല്യനിര്‍ണയ സംവിധാനത്തിലേക്കു മാറുന്നതിന് എന്‍ഇപി 2020 വിഭാവനം ചെയ്യുന്നു. പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതും, വിശകലനം, വിമര്‍ശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പോലുള്ള ഉന്നത കഴിവുകള്‍ പരീക്ഷിക്കുന്നതുമാണത്. 3, 5, 8 തരത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതത് അതോറിറ്റികള്‍ പരീക്ഷകള്‍ നടത്തും. 10, 12 തരത്തിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ തുടരും. എന്നാല്‍ സമഗ്രവികസനം ലക്ഷ്യമാക്കി ഇതിനു മാറ്റം വരുത്തും. പരാഖ് (പ്രവര്‍ത്തനം വിലയിരുത്തല്‍, അവലോകനം, സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം) എന്ന പേരില്‍ പുതിയ ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം, മാനദണ്ഡ പരിപാലന സ്ഥാപനമായി സജ്ജമാക്കും.

തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം

ജനനത്തിന്റെയോ പശ്ചാത്തലത്തിന്റെയോ സാഹചര്യങ്ങളാല്‍ ഒരു കുട്ടിക്കും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും എന്‍ഇപി 2020ന്റെ ലക്ഷ്യമാണ്. ലിംഗം, സാമൂഹിക-സാംസ്‌കാരിക, ഭൂമിശാസ്ത്ര പ്രത്യേകതകളും വൈകല്യങ്ങളും ഉള്‍പ്പെടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക വിഭാഗങ്ങള്‍ക്ക് (എസ്.ഇ.ഡി.ജി) പ്രത്യേക ഊന്നല്‍ നല്‍കും. ജെന്‍ഡല്‍ ഇന്‍ക്ലൂഷന്‍ ഫണ്ട്, പിന്നാക്ക പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസ മേഖല സ്ഥാപിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ അടിസ്ഥാനതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള പതിവുസ്‌കൂള്‍ സംവിധാനത്തില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ അധ്യാപകരുടെ സഹായത്തോടെ പ്രാപ്തമാക്കും. ഇതിനായി ക്രോസ് ഡിസെബിലിറ്റി ട്രെയിനിംഗ്, റിസോഴ്സ് സെന്ററുകള്‍, താമസസൗകര്യങ്ങള്‍, സഹായ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ എന്നിവയൊരുക്കും. പ്രത്യേക പകല്‍ ബോര്‍ഡിംഗ് സ്‌കൂളുകളായി ഓരോ സംസ്ഥാനത്തും/ജില്ലയിലും ‘ബാലഭവനുകള്‍’ സ്ഥാപിക്കാനും കലയും കളിയും കരിയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനും പ്രോത്സാഹനം നല്‍കും. സൗജന്യ സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാമാജിക് ചേതനാ കേന്ദ്രങ്ങളായും ഉപയോഗിക്കാം.

കൂടുതല്‍ എണ്ണത്തിലുള്ള അധ്യാപക നിയമനവും അധ്യാപകരുടെ തൊഴില്‍ പാതയുടെ വിന്യാസവും

സുതാര്യമായ പ്രക്രിയകളിലൂടെ കൂടുതല്‍ എണ്ണത്തില്‍ അധ്യാപകരെ നിയമിക്കും. പൂര്‍ണ്ണമായും യോഗ്യത മാനദണ്ഡമാക്കി ബഹുമുഖവും കാലികവും ആയ പ്രകടന വിലയിരുത്തല്‍ രീതികള്‍ അവലംബിച്ച് വിദ്യാഭ്യാസ മേഖലയിലെ ഭരണകര്‍ത്താക്കളോ അധ്യാപക പരിശീലനം നല്കുന്നവരോ ആയി മാറുന്ന തരത്തില്‍ ആയിരിക്കും അധ്യാപക തൊഴില്‍ പാതയുടെ വിന്യാസം. അധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗണ്‍സില്‍ 2022 ഓടെ അധ്യാപകര്‍ക്ക് ദേശീയതലത്തില്‍ ഒരു പൊതു പ്രൊഫഷണല്‍ മാനദണ്ഡം (എന്‍.പി.എസ്.റ്റി.) വികസിപ്പിക്കും.

സ്‌കൂള്‍ ഭരണം

സ്‌കൂളുകളെ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ കോംപ്ലക്‌സുകളായോ ക്ലസ്റ്ററുകളായോ ക്രമീകരിക്കാം. ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളുടെ ക്രമീകരണവും ഔദ്യോഗിക അംഗീകാരവും

നയരൂപീകരണം, നിയന്ത്രണം, പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് കാര്യങ്ങള്‍ എന്നിവയ്ക്കായി വ്യക്തവും വേറിട്ടതുമായ സംവിധാനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം -2020 വിഭാവനം ചെയ്യുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വതന്ത്രമായ സ്റ്റേറ്റ് സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എസ്.എസ്.എസ്.എ) സ്ഥാപിക്കും. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് S.C.E.R.T ഒരു സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് (SQAAF) വികസിപ്പിക്കും.

ഉന്നത വിദ്യാഭ്യാസം

2035 ഓടെ മൊത്ത എന്റോള്‍മെന്റ് അനുപാതം (GER) 50% ആക്കുക

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള മൊത്ത എന്റോള്‍മെന്റ് അനുപാതം 2035 ഓടെ 26.3 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനാണ് ദേശീയ വിദ്യാഭ്യാസ നയം-2020 ലക്ഷ്യമിടുന്നത്. 3.5 കോടി പുതിയ സീറ്റുകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കും.

സമഗ്രമായ മള്‍ട്ടിഡിസിപ്ലിനറി വിദ്യാഭ്യാസം

ബഹുമുഖമായ പാഠ്യപദ്ധതി, വിഷയങ്ങളുടെ സഗ്ഗാത്മകമായ ചേരുവകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, ഉചിതമായ സര്‍ട്ടിഫിക്കേഷനോടുകൂടിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നീ സവിശേഷതകള്‍ ഉള്ള

സമഗ്രമായ മള്‍ട്ടി-ഡിസിപ്ലിനറി അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവനം ചെയ്യുന്നത്. യു.ജി. വിദ്യാഭ്യാസം, 3 അല്ലെങ്കില്‍ 4 വര്‍ഷം ആകാം. ഉദാഹരണത്തിന്, 1 വര്‍ഷത്തിനുശേഷം സര്‍ട്ടിഫിക്കറ്റ്, 2 വര്‍ഷത്തിന് ശേഷം അഡ്വാന്‍സ്ഡ് ഡിപ്ലോമ, 3 വര്‍ഷത്തിന് ശേഷം ബാച്ചിലേഴ്‌സ് ഡിഗ്രി, 4 വര്‍ഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദം.

വിവിധ എച്ച്.ഇ.ഐ.കളില്‍ (Higher Education Institutions) നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിച്ചിട്ടുള്ള ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് വഴി കൈമാറ്റം ചെയ്യപ്പെടുകയും അവസാന ബിരുദം നേടുകയും ചെയ്യാം.

രാജ്യത്തിന്റെ ആഗോള നിലവാരത്തിലുള്ള മികച്ച മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ മാതൃകകളായ ഐ.ഐ.ടി.കള്‍, ഐ.ഐ.എമ്മുകള്‍ എന്നിവയ്ക്ക് തുല്യമായി മള്‍ട്ടിഡിസിപ്ലിനറി എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ (M.E.R.U.) സ്ഥാപിക്കും.

ശക്തമായ ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിലുടനീളം ഗവേഷണ ശേഷി വളര്‍ത്തുന്നതിനുമുള്ള ഒരു മികച്ച സ്ഥാപനമായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നിലവില്‍ വരും.

നിയന്ത്രണം

മെഡിക്കല്‍-നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) രൂപീകരിക്കും.

നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍ (എന്‍.എച്ച്. ഇ.ആര്‍.സി.), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗണ്‍സില്‍ (ജി.ഇ.സി.), ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍ (എച്ച്.ഇ.ജി.സി), അക്രഡിറ്റേഷനായി നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍.എ.സി.) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങള്‍ ഉണ്ടാകും. പൂര്‍ണ്ണമായും സാങ്കേതികവിദ്യയിലധിഷ്ഠിതമായി എച്ച്.ഇ.സി.ഐ. പ്രവര്‍ത്തിക്കും. മാനദണ്ഡങ്ങള്‍ക്ക് പാലിക്കാത്ത എച്ച്.ഇ.ഐ.കള്‍ക്ക് പിഴ ചുമത്താനുള്ള അധികാരങ്ങള്‍ എച്ച്.ഇ.സി.ഐ.ക്ക് ഉണ്ടായിരിക്കും. പൊതു-സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ, അക്രഡിറ്റേഷന്‍-അക്കാദമിക് മാനദണ്ഡങ്ങള്‍ ഒന്ന് തന്നെയായിരിക്കും.

യുക്തിസഹമായ സ്ഥാപന വ്യവസ്ഥ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരമുള്ള അധ്യാപനം, ഗവേഷണം, സാമൂഹിക ഇടപഴകല്‍ എന്നിവയുള്ള മികച്ച റിസോഴ്സ് അധിഷ്ഠിത, മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റും. സര്‍വകലാശാലയുടെ നിര്‍വചനത്തില്‍ ഗവേഷണ പ്രധാനമായതും അദ്ധ്യയന പ്രധാനമായതും ആയ സര്‍വ്വകലാശാലകള്‍, ബിരുദം നല്‍കുന്ന സ്വയംഭരണാധികാരമുള്ള കോളേജുകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിക്കും.

കോളേജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും കോളേജുകള്‍ക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നല്‍കുന്നതിന് ഘട്ടം തിരിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. ഒരു നിശ്ചിത കാലയളവില്‍, ഓരോ കോളേജും ഒന്നുകില്‍ സ്വയംഭരണ ബിരുദം നല്‍കുന്ന കോളേജ് അല്ലെങ്കില്‍ ഒരു സര്‍വ്വകലാശാലയുടെ ഒരു ഘടക കോളേജ് ആയി വികസിക്കണമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പ്രചോദനകരം, ഊര്‍ജ്ജസ്വലം, യോഗ്യരായ ഫാക്കല്‍റ്റി

എന്‍ഇപി ശുപാര്‍ശ ചെയ്യുന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടതും, സ്വതന്ത്രമായ, സുതാര്യമായ നിയമനം, പാഠ്യപദ്ധതി/ബോധനശാസ്ത്രം എന്നിവ രൂപകല്‍പ്പന ചെയ്യാനുള്ള സ്വാതന്ത്ര്യം, മികവിനുള്ള പ്രോത്സാഹനം, സ്ഥാപനത്തെ നയിക്കാനുള്ള പാത തുറന്നുനല്‍കുക എന്നിവയാണ്.

അധ്യാപന വിദ്യാഭ്യാസം

അധ്യാപന വിദ്യാഭ്യാസത്തിനായുള്ള നവീനവും സമഗ്രവുമായ ഒരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടായ എന്‍സിഎഫ്ടിഇ 2021, എന്‍സിഇആര്‍ടിയുമായി കൂടിയാലോചിച്ച് എന്‍സിടിഇ രൂപീകരിക്കും. 2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ഡിഗ്രി യോഗ്യത 4 വര്‍ഷത്തെ സംയോജിത ബി എഡ് ഡിഗ്രിയാക്കും.

മെന്ററിംഗ് മിഷന്‍

മെന്ററിംഗിനായി ഒരു ദേശീയ മിഷന്‍ സ്ഥാപിക്കും. യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്ക് ഹ്രസ്വ– ദീര്‍ഘകാല മെന്ററിംഗ്/പ്രൊഫഷണല്‍ പരിശീലനം നല്‍കാന്‍ സന്നദ്ധരായ സീനിയര്‍/റിട്ടയേര്‍ഡ് ഫാക്കല്‍റ്റികളുടെ ഒരു പൂള്‍ സജ്ജമാക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ

എസ്സി, എസ്ടി, ഒബിസി, മറ്റ് എസ്.ഇ.ഡി.ജികള്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കും. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കല്‍, വികസനം, പുരോഗതി എന്നിവ കണ്ടെത്തി പരിശോധിക്കുന്നതിന് നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വിപുലീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ സ്വകാര്യ എച്ച്ഇഐകളെ പ്രോത്സാഹിപ്പിക്കും.

ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം

ജിഇആര്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ അത് വിപുലീകരിക്കും. ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഡിജിറ്റല്‍ സങ്കേതങ്ങള്‍, ഗവേഷണധനസഹായം, മെച്ചപ്പെട്ട വിദ്യാര്‍ത്ഥി സേവനങ്ങള്‍, എംഒഒസികളുടെ- ക്രെഡിറ്റ് ബേസ്ഡ് റെക്കഗനീഷന്‍ തുടങ്ങിയ നടപടികള്‍ ഉന്നത നിലവാരമുള്ള ക്ലാസ് പഠനങ്ങള്‍ക്ക് തുല്യമാക്കാനായി സജ്ജമാക്കും

ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഡിജിറ്റല്‍ വിദ്യാഭ്യാസവും

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ശുപാര്‍ശകള്‍. സ്‌കൂള്‍ തലത്തിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും ഇ-എഡ്യുക്കേഷന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ കണ്ടന്റ്, ശേഷി വികസനം എന്നിവയ്ക്കായി ഒരു പ്രത്യേക യൂണിറ്റ് എംഎച്ച്ആര്‍ഡിയില്‍ സൃഷ്ടിക്കും.

സാങ്കേതികവിദ്യ വിദ്യാഭ്യാസത്തില്‍

ഒരു സ്വയംഭരണ സംവിധാനമായി നാഷണല്‍ എജ്യുക്കേഷണല്‍ ടെക്‌നോളജി ഫോറം (എന്‍ഇടിഎഫ്) രൂപീകരിക്കും. പഠനം, വിലയിരുത്തല്‍, ആസൂത്രണം, ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശയങ്ങള്‍ കൈമാറുന്നതിനായാണ് ഇത് സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ ഭാഷകളുടെ പ്രോല്‍സാഹനം

എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സംരക്ഷണം, വികസനം, ഊര്‍ജ്ജസ്വലത എന്നിവ ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ (ഐഐടിഐ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍) പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നിവയ്ക്കായും സംസ്‌കൃതം ശാക്തീകരണത്തിനും എച്ച്ഇഐകളിലെ ഭാഷാ വകുപ്പുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായും എന്‍ഇപി ശുപാര്‍ശ ചെയ്യുന്നു. കൂടാതെ കൂടുതല്‍ എച്ച്ഇഐ പ്രോഗ്രാമുകളില്‍ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുകയും വേണം. സ്ഥാപന തല സഹകരണത്തിലൂടെയും,

വിദ്യാര്‍ത്ഥി-ഫാക്കല്‍റ്റി കൈമാറ്റം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം സുഗമമാക്കുകയും ലോക നിലവാരത്തിലുള്ള സര്‍വകലാശാലകളെ നമ്മുടെ രാജ്യത്ത് കാമ്പസുകള്‍ തുറക്കാന്‍ അനുവദിക്കുകയും ചെയ്യും.

പ്രൊഫഷണല്‍ വിദ്യാഭ്യാസം

എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമാക്കും.

യുവാക്കള്‍-വയോജന സാക്ഷരത നൂറു ശതമാനം കൈവരിക്കാനാണ് നയം ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ ധനനയം

വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനത്തില്‍ എത്തിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

അഭൂതപൂര്‍വമായ കൂടിയാലോചന

2015 ജനുവരി മുതല്‍ രണ്ട് ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഭൂതപൂര്‍വമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് എന്‍ഇപി 2020 രൂപീകരിച്ചത്.

അന്തരിച്ച മുന്‍ കാബിനറ്റ് സെക്രട്ടറി ശ്രീ ടി എസ് ആര്‍ സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ 2016 മെയ് മാസത്തില്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പരിഷ്‌കരണ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം 2016 നായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 2017 ജൂണില്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ പത്മവിഭൂഷണ്‍ ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റി 2019 മെയ് 31 ന് ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരട് മാനവ വിഭവശേഷി വികസന മന്ത്രിക്ക് സമര്‍പ്പിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker